കൊന്ന് കെട്ടിത്തൂക്കുക, അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക; ഏതു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്- അരുൺ ​ഗോപി

വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ പ്രതികരണവുമായി സംവിധായകൻ അരുണ്‍ ഗോപി. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ ആ ക്രൂര ജീവികള്‍ക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല എന്നാണ് അരുണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക, ഇല്ലാകഥകളില്‍ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക. ഏതു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നാണ് അരുണ്‍ ഗോപി ചോദിക്കുന്നത്. കൊലയ്ക്കു പിന്നിലുള്ള സകലരെയും പിടികൂടണമെന്നും ആരേയും വെറുതെ വിടരുതെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.

അരുണ്‍ ഗോപിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

കുറച്ചായി സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോള്‍. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികള്‍ക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല. കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക, ഇല്ലാകഥകളില്‍ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക. ഏതു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്!! ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്.