പെണ്‍കുട്ടികളെ വളര്‍ത്തുമ്പോ വായില്‍ കോലിട്ടാലും തിരിച്ചു കടിക്കരുതെന്ന മട്ടില്‍ വളര്‍ത്തണം, യുവതി പറയുന്നു

കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികള്‍ കേള്‍ക്കേണ്ടി വരുന്ന ഒന്നാണ് മറ്റൊരു വീട്ടില്‍ ചെന്നു കയറേണ്ട പെണ്ണാണ്,എന്നിട്ടും പോത്തുപോലെ ഉറങ്ങുന്നത് കണ്ടോ,വേറൊരു വീട്ടില്‍ പോവാനുള്ളതാ എന്നിട്ട് എന്തേലും ഉണ്ടാക്കാന്‍ പഠിച്ചോ എന്നിങ്ങനെയൊക്കെ.എന്നാല്‍ ഇതിനെതിരെ ആശാ സൂസന്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.വല്ല വീട്ടിലെയും ശീലങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ മക്കള്‍ അടിമുടി മാറണമെന്നത് എന്തൊരു വിവേചനമാണല്ലെ എന്ന് അവര്‍ ചോദിക്കുന്നു.

ആശാ സൂസന്റെ കുറിപ്പ്,പെണ്‍കുട്ടികളെ ‘വേറെയൊരുത്തന്റെ വീട്ടിലേക്ക്’ പറഞ്ഞയക്കുന്ന അനാചാരം ഇല്ലാതാവേണ്ട കാലമായില്ലേ?വേറെയൊരു വീട്ടില്‍ ചെന്ന് കേറാനുള്ള പെണ്ണാ, എന്നിട്ടു പോത്തുപോലെ ഉറങ്ങുന്ന കണ്ടോ?വേറെയൊരു വീട്ടില്‍ പോവാനുള്ളതാ, എന്നിട്ട് എന്തേലും ഉണ്ടാക്കാന്‍ അറിയോ?എന്നിങ്ങനെ എന്തിനും ഏതിനും ഈ ഡയലോഗുകള്‍ കേള്‍ക്കാതെ ഒരു പെണ്‍കുട്ടിയും കൗമാരം താണ്ടിയിട്ടുണ്ടാവില്ല.ഇതവസാനിക്കണമെങ്കിലോ, മറ്റൊരു വീട്ടില്‍ കെട്ടിക്കേറി ചെല്ലുക തന്നെ വേണം.ശരിക്കൊന്നാലോചിച്ചു നോക്കിയാല്‍ പെണ്‍കുട്ടികളെ വളര്‍ത്തുമ്പോ അടക്കി ഒതുക്കി വായില്‍ കോലിട്ടാലും തിരിച്ചു കടക്കരുതെന്ന മട്ടില്‍ വളര്‍ത്തുന്നതു തന്നെ ഈ ദുരാചാരത്തിനു വേണ്ടിയല്ലേ?അതായത് മറ്റൊരു വീട്ടിലേക്കു പോവുമ്പോ അവിടെയാരും മോശം പറയാതെ,അവരെക്കൊണ്ടു വളര്‍ത്തുദോഷം എന്നൊന്നും പറയിപ്പിക്കാതെ കുടുംബത്തിന് ഏറ്റ മാതിരി ജീവിക്കാനുള്ള ദീര്‍ഘകാല ട്രെയിങ്.വല്ല വീട്ടിലെയും ശീലങ്ങള്‍ക്കനുസരിച്ചു നമ്മുടെ മകള്‍ അടിമുടി മാറണമെന്നതു തന്നെ എന്തൊരു വിവേചനമാണല്ലേ?പകരം മകള്‍ക്കു കൊടുക്കാനുള്ള ഷെയര്‍ കൊണ്ട് മകളുടെ പേരിലൊരു വീടു വാങ്ങി വിവാഹത്തോടെ അങ്ങോട്ടു താമസം മാറിയാല്‍ എന്താശ്വാസമാകുമെന്നു ചിന്തിച്ചു നോക്കൂ.ഇനി ഒറ്റയ്ക്ക് സാധിക്കില്ലെങ്കില്‍ ഇരുവീട്ടുകാരും ഒന്നിച്ചു വാങ്ങിയോ അതും സാധിക്കാത്തവര്‍ ചെറിയൊരു വീട് റെന്റിനു എടുത്തോ മാറിയാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ട്.

ആദ്യരാത്രി മുതല്‍ പറയാന്‍ തുടങ്ങിയാല്‍ 1 മുറിയ്ക്കുള്ളില്‍ കയറി ലൈറ്റ് ഓഫാക്കി അടക്കി പിടിച്ചൊന്നും സെക്‌സ് ഒരു ചടങ്ങു പോലെ നടത്തണ്ട,പകരം സ്വാഭാവിക ശബ്ദത്തിലും എങ്ങനെയും ആഘോഷിക്കാം.2)പ്രണയിക്കാനുള്ള സ്‌പേസ് ബെഡ്‌റൂം മാത്രമല്ല,അടുക്കളയും ഡ്രോയിങ്‌റൂമും ബാല്‍ക്കണിയും ബാത്‌റൂമും എന്നു തുടങ്ങി വീടിന്റെ ഓരോ ഇടവും സ്വര്‍ഗ്ഗമാക്കാം.3)വീടിനുള്ളില്‍ നമ്മുടെ ഇഷ്ട്ടത്തിനുള്ള വസ്ത്രം ധരിക്കാം,ധരിക്കാതിരിക്കാം.4)നിറയെ മെഴുതിരിയൊക്കെ കത്തിച്ചു വെച്ച് നല്ലൊരു മൂവിയൊക്കെ പ്‌ളേ ചെയ്തു വൈന്‍/ബിയര്‍ ബോട്ടിലൊക്കെ പൊട്ടിച്ച് ഒന്നിച്ചിരുന്നു സന്ധ്യകള്‍ മനോഹരമാക്കാം.5)ഒരുമിച്ചു പാചകം പരീക്ഷിക്കാം,ആസ്വദിക്കാം;പാചകത്തിനിടയില്‍ പരീക്ഷിക്കാവുന്ന പ്രണയ മുഹൂര്‍ത്തങ്ങള്‍ വേറെയും നോക്കാം.6)ചില ദിവസങ്ങളില്‍ ഒറ്റയ്ക്ക് ഉറങ്ങണമെങ്കില്‍ അതും പറ്റും7)പീരിയഡ്‌സ് സമയം പെണ്ണിനാരെയും പേടിക്കാതെ വിശ്രമിക്കാം,വീട്ടുകാരുടെ മുന്നില്‍ കാണിക്കേണ്ട ആണത്തഹുങ്കൊന്നും കൂടാതെ അവളെ സന്തോഷത്തെ പരിചരിക്കാനുള്ള അവസരം ആണിനും കിട്ടും.8)ആരുടേയും അനുവാദത്തിനു കാക്കാതെ;തോന്നുമ്പോ പുറത്തു പോവാം,തോന്നുമ്പോ വരാം.ചിലയിടത്ത് പുതുജോഡികള്‍ പുറത്തു പോവുമ്പോള്‍ വീട്ടുകാരെ മൊത്തം കൊണ്ടുപോകേണ്ട അവസ്ഥയാണ്,ഇല്ലെങ്കില്‍ പിണക്കം.9)മടി പിടിച്ചിരിക്കാന്‍ തോന്നിയാല്‍ അതുമാവാം.10)കുഞ്ഞു കുഞ്ഞു വഴക്കുകള്‍ക്ക് ഇടയില്‍ കയറാന്‍ ആളുണ്ടാവില്ല,എല്ലാം ഒറ്റയ്ക്ക് പരിഹരിക്കാന്‍ പറ്റും.11)ആഴ്ചയിലോ മാസത്തിലോ മാത്രം തറവാട് സന്ദര്‍ശനം നടത്തിയാല്‍ ഉള്ള സ്‌നേഹം കുറയാതെ നിലനില്‍ക്കുകയും ചെയ്യും.12)വീട്ടുകാരെ കാണിക്കാന്‍ വേണ്ടി നിര്‍ബന്ധിതമായുള്ള മതനുഷ്ഠിക്കല്‍ പരിപാടി വേണ്ടിവരില്ല.13) രണ്ടാളും ഒന്നിച്ചു വീട്ടുകാര്യങ്ങള്‍ നോക്കി,ഒന്നിച്ചു ജോലിക്ക് പോയി;’നല്ല കുട്ടി സര്‍ട്ടിഫിക്കറ്റിനു’വേണ്ടി അഭിനയിച്ചു ജീവിക്കാതെ ജീവിതം ആസ്വദിച്ചു ജീവിക്കാം,അങ്ങനെ കുടുംബജീവിതത്തില്‍ നിന്നും പാട്രിയാര്‍ക്കിയെ ഇല്ലാതാക്കി(വീട്ടുകാരെ പേടിക്കാതെ)വീട്ടില്‍ ജനാധിപത്യവും സമത്വവും നടപ്പിലാക്കാം.

പെണ്‍കുട്ടികളെ മാത്രമല്ല,ആണ്‍കുട്ടികളെയും വളര്‍ത്തുമ്പോ #സ്വന്തംവീട്ടിലേക്ക് പോവാനുള്ളതാണെന്നും,ജീവിക്കാനാവശ്യമായ തന്റേടവും ധൈര്യവും സ്വന്തംകാര്യം നോക്കാനുള്ള ജോലിയും കഴിവുമൊക്കെ ഉണ്ടാക്കാന്‍ ജെന്‍ഡര്‍ വിത്യാസമില്ലാതെ പറഞ്ഞു പഠിപ്പിക്കാം.അതിനു നിലവിലുള്ള വേറെ ഒരുത്തന്റെ വീട്ടില്‍ വിടല്‍ ഇല്ലാതായി സ്വന്തം വീട് മുളയ്ക്കണം.സ്വാതന്ത്ര്യം സര്‍വ്വധനാല്‍ പ്രധാനം?എഡിറ്റ്: കാര്‍ന്നോമ്മാരെ ആര് നോക്കും എന്നൊക്കെ വേവലാതി പെടുന്നതു കേട്ടാല്‍ തോന്നും പെണ്ണുങ്ങള്‍ക്ക് ഇതൊന്നുമില്ല അവര്‍ ആകാശത്തു നിന്ന് പൊട്ടിമുളച്ചതാണെന്നു.അതേയ് ഇതിന്റെ ചുരുക്കം ഇതാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ നീയും വീട്ടില്‍ നിന്ന് ഇറങ്ങുന്നു.നീ എന്റെ വീട്ടിലേക്കോ ഞാന്‍ നിന്റെ വീട്ടിലേക്കോ ഇല്ല നമ്മള്‍ നമ്മുടെ വീട്ടിലേക്ക് പോവുന്നു രണ്ടുപേരുടെയും കാര്‍ന്നോമ്മാരെ അവരവര്‍ തന്നെ ആവശ്യമുള്ളപ്പോ അവിടെ പോയി സഹായിക്കുന്നു thats all