ആയുർവേദ ആഹാരം പരസ്യം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കർശനമായി വിലക്കി

ഡൽഹി∙ ‘ആയുർവേദ ആഹാരം’ രോഗങ്ങൾക്കു പ്രതിവിധിയാണെന്ന തരത്തിൽ പരസ്യം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കർശനമായി വിലക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കി. ഇതിനായി ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയന്ത്രണ ചട്ടത്തിലാണു ഭേദഗതി വരുത്തിയത്.

ആയുർവേദത്തിലെ ആധികാരികമായ 71 ഗ്രന്ഥങ്ങളിലെ കുറിപ്പുകളും ചേരുവകളും അനുസരിച്ചു തയാറാക്കുന്ന ഭക്ഷണത്തെയാണ് ‘ആയുർവേദ ആഹാര’മായി കണക്കാക്കുന്നത്. ഇത്തരം ഭക്ഷണവസ്തുക്കളുടെ പാക്കിങ്ങിൽ ‘ഡയറ്റ് അധിഷ്ഠിതമായ ഉപയോഗത്തിനു മാത്രം’ എന്നു വ്യക്തമാക്കിയിരിക്കണം.

2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആയുർവേദ ആഹാരം തയാറാക്കി വിൽക്കുന്നതും ഭേദഗതിയിലൂടെ വിലക്കി. ആയുർവേദ ആഹാരത്തിൽ വൈറ്റമിനോ ധാതുപദാർഥങ്ങളോ അമിനോ ആസിഡോ ചേർക്കുന്നത് അനുവദിക്കില്ല. സ്വാഭാവികമായ വൈറ്റമിനും ധാതുപദാർഥങ്ങളും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യവും കവറിൽ വ്യക്തമാക്കണം.