മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും, ഉത്തരവിട്ട് കോടതി

കൊച്ചി : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം സബ് കോടതി. ചിത്രത്തിന്റെ നിർമ്മാണത്തിന് ഏഴു കോടി രൂപ രൂപ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാണ കമ്പനികളായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കാൻ ഉത്തരവിട്ടത്.

40% ലാഭ വിഹിതം നൽകാം എന്ന് വാഗ്ദാനം നൽകിയാണ് നിർമ്മാതാക്കൾ തന്റെ കൈയ്യിൽ നിന്നും പണം കൈപ്പറ്റിയത്. സിനിമ വൻ വിജയമായ ശേഷം ലാഭവിഹിതമോ മുടക്കിയ തുകയോ തരാതെ തന്നെ പറ്റിക്കുകയായിരുന്നെന്നും ഹമീദ് പറഞ്ഞു. ഹർജിയിൽ ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസും അയച്ചു. ആഗോള തലത്തിൽ ഇതുവരെ ചിത്രം 220 കോടി രൂപയോളം കളക്ഷൻ നേടി. ഒടിടി പ്ലാറ്റഫോംമുകൾ മുഖേന 20കോടി രൂപയും നേടിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.

മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. യുവതാരനിര അണിനിരന്ന ചിത്രം ചിദംബരമാണ് സംവിധാനം ചെയ്തത്. തമിഴ്‌നാട്ടിലും ചിത്രം അപ്രതീക്ഷിത വിജയം കൈവരിച്ചിരുന്നു. ഫെബ്രുവരി 23 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം നേടിയത് 50 കോടിയിലേറെയാണ്. തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.