കങ്കണയെ കൈവിടാനൊരുങ്ങി ബിജെപിയും; നിയമ നടപ‌ടി എടുക്കണമെന്ന് ‍ഡൽഹി ബിജെപി പ്രതിനിധി

ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വലിയ വിവാദമായിരുന്നു. സവർക്കറുൾപ്പെ‌ടെയുള്ളവരാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേ‌ടാൻ വേണ്ടി പൊരുതിയവരെന്നും കോൺ​ഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞു. പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധിയും രം​ഗത്ത് വന്നിരുന്നു. ഇതിനെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണെന്നുമുള്ള ന‌ടി കങ്കണ റണൗത്തിന്റെ പ്രസ്താവനയിൽ ബിജെപിയിലും അതൃപ്തി. കങ്കണയ്ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ഡൽഹിയിലെ ബിജെപി പ്രതിനിധി പ്രവീൺ ശങ്കർ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ കങ്കണ അപമാനിച്ചെന്നും അ​ദ്ദേഹം ട്വീറ്റ് ചെയ്തു.”ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെന്ന നിലയിലും സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തിൽ നിന്നുള്ളയാളെന്ന നിലയിലും ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്ന കങ്കണയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ദുരപയോ​ഗവും സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാ​ഗത്തിനു നേരെയുള്ള അപമാനവുമായാണ് ഞാൻ കാണുന്നത്,” പ്രവീൺ ശങ്കർ ട്വീറ്റ് ചെയ്തു. പ്രസ്താവനയ്ക്കെതിരെ നിയമനടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെ‌ട്ടു.

‘ഒന്നുകിൽ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണിത്. താരത്തിന്റെ ഈ ചിന്തയെ ഞാന്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്,’ എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.