മുഖ്യമന്ത്രിക്ക് നേരെ തിങ്കളാഴ്ചയും കരിങ്കൊടി പ്രതിഷേധം

കണ്ണൂർ. കോൺ​ഗ്രസ് പ്രവർത്തകർ തിങ്കളാഴ്ചയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. കണ്ണൂർ ചുടാലയിലും, പരിയാരത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധിച്ച ജില്ലാ പ്രസിഡൻറ് സുദീപ് ജെയിംസ്, വി രാഹുൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരായ ഏഴുപേരെ കരുതൽ തടങ്കലിലാക്കി. കാസർകോട് ചീമേനിയിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപിനെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് അജാനൂർ മണ്ഡലം പ്രസിഡന്റ് ഉമേഷ് കാട്ടുകുളങ്ങരയെ കരുതൽ തടങ്കലിലാക്കി.

കാസർകോടിന് പുറമേ നാല് ജില്ലകളിൽ നിന്നായി 911 പോലീസുകാരെയും പതിനാല് ഡിവൈഎസ്പിമാരെയുമാ‌ണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കാസർകോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല.