പതിനേഴുകാരന്റെ കൈമുറിച്ചുമാറ്റിയ സംഭവം; ചികില്‍സാപ്പിഴവെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

തലശേരി: തലശേരി ജനറല്‍ ആശുപത്രിയിൽ പതിനേഴുകാരന്റെ കൈമുറിച്ചുമാറ്റിയത് ചികില്‍സാപ്പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. പിതാവിന്റെ പരാതിയില്‍ തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിജുമോനെതിരെയാണ് കേസെടുത്തത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈമുറിച്ചുമാറ്റേണ്ടിവന്നത് ചികില്‍സാപ്പിഴവുമൂലമെന്നാണ് പരാതി. എല്ലുപൊട്ടിയിട്ടും ശസ്ത്രക്രിയ നടത്താന്‍ തയാറായത് ഒരാഴ്ച കഴിഞ്ഞാണെന്നാണ് ആരോപണം.

കഴിഞ്ഞ മാസം മുപ്പതിനാണ് പതിനേഴുകാരനായ സുൽത്താന്റെ ഇടതു കൈയ്ക്ക് പരുക്കേറ്റത്. തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കൈയ്യുടെ രണ്ട് എല്ലുകൾ പൊട്ടിയിട്ടുണ്ടെന്ന് മനസിലാക്കുകയും ഒന്നാം തീയ്യതി ആദ്യ സർജറി ചെയ്യുകയും ചെയ്തു. എന്നാൽ മുറിവ് തുന്നികെട്ടാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. പിന്നീട് രണ്ടാം നാൾ കുട്ടിയുടെ കൈകൾക്ക് അണുബാധയേറ്റ് കൈ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്കെത്തി.

കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റു മൂന്ന് സ്വകാര്യ ആശുപത്രികളിൽ നിന്നും ചികിൽസ തേടിയെങ്കിലും ഈ മാസം പതിനാലിന് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. കുട്ടിക്ക് ആദ്യം ചികിത്സ നൽകിയ തലശ്ശേരി ജനറൽ ആശുപത്രിയുടെ ചികിൽസ പിഴവാണ് കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.