വിവാഹം കഴിഞ്ഞിട്ട് ആറ് മാസം; താലിച്ചരട് കഴുത്തിൽ മുറുക്കി യുവതിയെ കൊലപ്പെടുത്തി, ഭർത്താവ് ഒളിവിൽ

ചെന്നൈ: യുവതിയെ ഭർത്താവ് താലിച്ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. ചെന്നൈയ്ക്ക് സമീപം അമ്പത്തൂരിലാണ് സംഭവം. കള്ളിക്കുപ്പം സ്വദേശി പവിത്ര (28) യെയാണ് ഭർത്താവ് രാജ (35) കൊലപ്പെടുത്തിയത്. അയൽവാസികളായിരുന്ന ഇരുവരും ആറ് മാസം മുമ്പായിരുന്നു വിവാഹിതരായത്. കൊലപാതകത്തിന് ശേഷം പ്രതി രാജ ഒളിവിലാണ്.

കൊല്ലപ്പെട്ട പവിത്രയുടെയും രാജയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പവിത്ര തുണിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞാഴ്ച ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ അമ്മ ഇവിടെ എത്തിയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

ഇന്നലെ യുവതിയെ താലിച്ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ തന്നെ പിടികൂടാൻ ആകുമെന്നും പോലീസ് വ്യക്തമാക്കി.