പൂജാ ബമ്പർ ; പത്ത് കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റിന്

തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു. പത്ത് കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റിന്. JC 110398 എന്ന നമ്പറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. സോമസുന്ദരൻ കെ പി എന്ന ഏജന്റാണ് (R 6935) ടിക്കറ്റ് വിൽപ്പന നടത്തിയിരിക്കുന്നത്.

ചെറുകിട കച്ചവടക്കാരാണോ അതോ ഏജൻസിയിൽ നിന്നാണോ ഈ ടിക്കറ്റ് വിറ്റുപോയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. JD110398 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. വയനാട് ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. സിജോ കുര്യൻ എന്ന ഏജന്റ് (W 2010) ആണ് ഈ ടിക്കറ്റ് വിറ്റത്.

പത്ത് കോടി രൂപയിൽ നിന്ന് 7,01,87,500 കോടി രൂപയാകും ഒന്നാം സമ്മാനത്തിന് അർഹനായ വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി കഴിച്ചാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ ഇത് മുഴുവനായും ഉപയോഗിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം.

ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാന ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക. ആരാണ് ആ ഭാഗ്യവാനെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.