മംഗലാപുരം സ്‌ഫോടനത്തിന് പിന്നിൽ യു എ പി എ കേസിലെ പ്രതി, അന്വേഷണത്തിന് എൻ ഐ എ

ബംഗളൂരു. മംഗലാപുരം ഓട്ടോറിക്ഷാ സ്‌ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നു. സ്‌ഫോടനത്തിന് പിന്നിൽ യു എ പി എ കേസിലെ പ്രതി ശിവമോഗ സ്വദേശി ഷാരിക് ആണെന്നാണ് റിപ്പോർട്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൈസൂരുവിലെ ഷാരിക്കിന്റെ വാടകവീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് കുക്കർ ബോംബും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തി. കേസന്വേഷണത്തിന് 5 അംഗ എൻ ഐ എ സംഘവും രംഗത്തിറങ്ങി

വ്യാജ ആധാ‌ർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്‌ഫോടനത്തിൽ പങ്കുള്ള മറ്റ് മൂന്നുപേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടക്കുന്നത്. യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷയ്ക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് സമീപമുള്ള റോഡിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷമാണ് സ്‌ഫോടനം ഉണ്ടാവുന്നത്. സ്ഫോടനത്തിൽ യാത്രക്കാരനും ഡ്രൈവർക്കും സാരമായി പൊള്ളലേൽക്കുകയും ഉണ്ടായി.

സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് അടക്കം എത്തി പരിശോധന നടത്തിയതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലെത്തുന്നത്. ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരുന്നു. യാത്രക്കാരന്റെ ബാഗിൽ നിന്നാണ് തീ പടർന്നതെന്ന് ഓട്ടോഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കർണാടക പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. സ്ഫോടനം യാദൃശ്ചികമല്ലെന്നും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ് സ്ഥിരീകരിച്ചു. കേന്ദ്ര ഏജൻസികൾക്കൊപ്പം സംസ്ഥാന പൊലീസും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും പ്രവീൺ സൂദ് ട്വീറ്റ് ചെയ്‌തിരുന്നു.