മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടി‌യിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്. ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് മാറ്റി.

ശബ്ദം കേട്ട് സംഭവസ്ഥലത്തെതിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഇരു ബസുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടു ബസുകളും റോഡിൽനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അപകടത്തിൽ ഇരു ബസുകൾക്കും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ബസുകൾ എങ്ങനെയാണ് കൂട്ടിയിടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ടു ബസുകളുടെയും അമിത വേഗതയാണോ അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ പരിശോധിച്ചുവരികയാണ്.