ചടയമംഗലത്ത് ഇത്തവണ തെരഞ്ഞെടുപ്പ് തീപാറും

ചടയമംഗലം നിയോജകമണ്ഡലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് തീപാറും. സിപിഐയുടെ കുത്തക സീറ്റ് പിടിച്ചെടുക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ്. എന്നാൽ ഇടതു കോട്ടയിൽ ഒരു വിള്ളലും ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിൽ എൽഡിഎഫ്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതത്തിലാണ് മണ്ഡലത്തിലെ ബിജെപിയുടെ പ്രതീക്ഷ.

മണ്ഡല രൂപീകരണത്തിനു ശേഷം 2001 ൽ ഒരിക്കൽ മാത്രമാണ് ചടയമംഗലം ഇടതുമുന്നണിയെ കൈവിട്ടത്. ജെ. ചിഞ്ചുറാണിയിലൂടെ മണ്ഡലം നിലനിർത്താനാവും എന്നാണ് ഇടതിന്റെ പ്രതീക്ഷ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാനായത് ഇടത് മുന്നണിക്ക് ആശ്വാസമാകും. ഇടതിന്റെ സംബന്ധിച്ചിടത്തോളം ഉറച്ച കോട്ടയായ ചടയമംഗലത്തുഎളുപ്പത്തിൽ ജയിച്ചു പോരാമെന്നാണ് പ്രതീക്ഷ.

ചടയമംഗലത്തുകാരനായ ആൾ എന്നതാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. എം നസീറിന്റെ പ്രത്യേകത. ചടയമംഗലം മണ്ഡലത്തിന് സ്വന്തമായി ഒരു താലൂക്ക് ആസ്ഥാനം എന്നതാണ് യുഡിഎഫ് നൽകിയിരിക്കുന്ന വാഗ്ദാനം. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ എം.എൽ.എ മുല്ലക്കര രത്‌നാകരൻ എടുത്തുപറയത്തക്ക ഒരു വികസനവും മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു.

എന്തായാലും മുൻകാലങ്ങളിലേതുപോലെ മണ്ഡലത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാൻ ഇത്തവണ ഇടതുമുന്നണിക്ക് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അങ്ങിനെയാണെങ്കിൽ കടുത്ത രാഷ്ട്രീയ മത്സരത്തിന് തന്നെ ചടയമംഗലം സാക്ഷിയാവും.