കെമിസ്റ്റ് ഉമേഷ് കോലിയുടെ കൊലക്ക് ഉദയ്പുർ സംഭവുമായി ബന്ധം,എൻ ഐ എ അന്വേഷണം തുടങ്ങി.

 

മുംബൈ/പ്രവാചക വിരുദ്ധ പരാമർശം നടത്തിയാതായി ആരോപിക്കുന്ന ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഒരാൾ കൂടി കൊലചെയ്യപ്പെട്ടതായ വിവരം പുറത്ത്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നിരിക്കുന്നത്. നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് മെഡിക്കൽ സ്റ്റോർ ഉടമയും കെമിസ്റ്റുമായ 54കാരനെ കുത്തിക്കൊന്നത്. രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ്, ജൂൺ 21 ന് അമരാവതിയിൽ മരുന്ന് വ്യാപാരിയായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെ മുസ്ലിം തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്രയിൽ കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങി. കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയുടെ മരണത്തിനു സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന സംഭവവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ആഭ്യന്തര വകുപ്പാണ് ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയുടെ മരണം അന്വേഷിക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തിൽ സംശയവും പരാതിയുമായി രംഗത്ത് വന്നിരുന്നത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ‘ഉമേഷിന്റെ മരണത്തിനു നൂപുർ ശർമ വിവാദവുമായി ബന്ധമുണ്ട്. പൊലീസിലെ ചിലരും അങ്ങനെ സംശയിക്കുന്നു. നൂപുർ ശർമയെ പിന്തുണച്ചതിനാണ് ഉമേഷിനെ കൊന്നതെന്നു പ്രതികൾ സമ്മതിച്ചെന്നാണു കേൾക്കുന്നത്. പൊലീസ് ഇക്കാര്യം മറച്ചുവയ്ക്കുക യാണ്.’ അമരാവതിയിലെ ബിജെപി നേതാവ് തുഷാർ ഭാരതീയ പറഞ്ഞിരിക്കുന്നു..

വെറ്ററിനറി കെമിസ്റ്റായ ഉമേഷ് ജൂൺ 21നാണ് കൊല്ലപ്പെട്ടത്. അമരാവതി യിലെ തന്റെ ഷോപ്പിൽനിന്നു മടങ്ങുംവഴി, രാത്രി പത്തു മണിയോടെ, മോട്ടർ സൈക്കിളിൽ എത്തിയ രണ്ടുപേർ ഉമേഷിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയാ യിരുന്നു എന്നാണു കേസ്. ഇയാളുടെ ഭാര്യയും മകനും മറ്റൊരു വാഹനത്തിൽ പിന്നിൽ ഉണ്ടായിരുന്നു.

6 പേർ ആണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കൊല്ലാനുപയോഗിച്ച കത്തിയും സംഭവത്തിന്റെ സിസിടിവി ദൃശ്യവും പോലീസ് കണ്ടെത്തിട്ടുണ്ട്. നൂപുർ ശർമയെ അനുകൂലിച്ചു പോസ്റ്റിട്ടതിനാണു കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിക്രം സാലി പറഞ്ഞിട്ടുണ്ട്. കനയ്യ ലാലിനെ പോലെ ഉമേഷും നൂപുർ ശർമയെ പിന്തുണയ്ക്കുന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. കനയ്യ ലാൽ വധവും എൻഐഎ അന്വേഷിച്ചു വരുകയാണ്.