പി സി ജോര്‍ജിന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍: ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം/ പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിറളി പിടിച്ച് ഭ്രാന്തായതാണെന്നും ഷോണ്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളിലേക്ക് അഴിമതി ആരോപണങ്ങള്‍ എത്തിയതോടെ പുത്രിവാത്സല്യം കൊണ്ട് അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ജോത്സ്യന്മാര്‍ പറഞ്ഞത് അനുസരിച്ച് കാലിത്തോഴുത്ത് പണിതു വാഹനം മാറ്റി. മുഖ്യമന്ത്രിയും മകളും ചെയ്ത അഴിമതി കഥകള്‍ പുറത്ത് വരുമൊ എന്ന ഭയമാണ് പിണറായി വിജയന്റെ പ്രവര്‍ത്തികളില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്റെ നേരെ വരുന്ന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനാണ് പി സി ജോര്‍ജിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ പ്രതികരിച്ചു. കേസ് ശക്തമായി നേരിടും. കള്ളക്കേസാണ് എടുത്തതെന്ന് അഭിഭാഷകനും പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.