സി.എം. രവീന്ദ്രനെചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിന് ഭയമില്ലെന്ന് മുഖ്യമന്ത്രി

അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. അന്വേഷണ ഏജന്‍സിക്ക് എന്തെങ്കിലും കാര്യങ്ങള്‍ അറിയാനുണ്ടാകും അതിനാലാകും വിളിപ്പിച്ചിരിക്കുന്നത്. അതിന് സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചിലരുടെ മോഹങ്ങളുടെ ഭാഗമായിട്ടാണ് പലതരത്തിലുള്ള പ്രവചനങ്ങള്‍ വരുന്നത് അതല്ലാതെ അതില്‍ യാതൊരു കഴമ്പുമുണ്ടെന്ന് സര്‍ക്കാരിന് തോന്നുന്നില്ല. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വളരെക്കാലമായി പരിചയമുള്ളയാളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോഴേയ്ക്കും കുറ്റം ചാര്‍ത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടാതെ വിവരങ്ങള്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് സി എം രവീന്ദ്രന്‍. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ ടി വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ് മിഷന്‍ പദ്ധതിക്ക് പുറമേ നാല് വന്‍കിട പദ്ധതികള്‍കൂടി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി അസി.ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ കത്തു നല്‍കിയിരുന്നു. പദ്ധതികളുടെ മറവില്‍ കള്ളപ്പണ ഇടപാടുകളോ റിയല്‍ എസ്‌റ്റേറ്റ് കമ്മിഷന്‍ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.