നിയമം ലംഘിച്ച് ഇഷ്ടക്കാർക്ക് കുപ്പിക്കണക്കിനു മദ്യം നൽകുന്നതായി പരാതി

പത്തനംതിട്ട. ബവ്റിജസ് ചില്ലറ മദ്യവില്‍പന ശാലയില്‍ നിന്ന് ഇഷ്ടക്കാര്‍ക്ക് നിയമംലംഘിച്ചു കുപ്പിക്കണക്കിനു മദ്യം നല്‍കുന്നെന്നു പരാതി. കുപ്പിയൊന്നിന് 50 രൂപ വരെ അധിക തുക ഈടാക്കിയാണു മദ്യം നല്‍കുന്നത്. താഴേവെട്ടിപ്രത്തെ ഔട്ട്ലെറ്റിനെതിരേ മേക്കോഴൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.

എക്‌സൈസ് മന്ത്രി, കമ്മിഷണര്‍, ബവ്റിജസ് കോര്‍പറേഷന്‍ എം.ഡി, പത്തനംതിട്ട ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം രണ്ടിന് രാവിലെ താഴേവെട്ടിപ്രം ബവ്റിജസ് ഔട്ട്ലെറ്റില്‍നിന്നു മദ്യം വാങ്ങി മടങ്ങിയ തന്നെ എക്സൈസ് ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിവര്‍ വഴിയില്‍ തടഞ്ഞു പരിശോധിച്ചതായി മേക്കോഴൂര്‍ സ്വദേശി പരാതിയില്‍ പറയുന്നു.

നിയമപരമായി വാങ്ങിയതല്ലെങ്കില്‍ കേസെടുക്കാന്‍ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരെന്നു പറഞ്ഞവര്‍ തിരികെ പോയി. താഴേവെട്ടിപ്രത്തെ ഔട്ട്ലെറ്റില്‍ ജവാന്‍ മദ്യം സ്റ്റോക്കുണ്ടെങ്കിലും ജീവനക്കാര്‍ അതു നല്‍കുന്നില്ല. ടൗണിലും പരിസരത്തുമുള്ള ചില ബേക്കറികള്‍ക്ക് പലഹാര നിര്‍മാണത്തിനായി കുപ്പിയൊന്നിന് 50 മുതല്‍ 100 രൂപ വരെ അധികം ഈടാക്കി മറിച്ചു വില്‍ക്കുകയാണെന്നാണ് ആക്ഷേപം.

കൂടാതെ അനധികൃത മദ്യക്കച്ചവടക്കാര്‍ക്ക് കമ്മിഷന്‍ വ്യവസ്ഥയില്‍ പരിധിയില്‍ കവിഞ്ഞ് മദ്യം കൊടുക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പൊതുജനമധ്യത്തില്‍ തന്നെ അവഹേളിച്ച എക്‌സസൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കമ്മിഷന്‍ വ്യവസ്ഥയില്‍ മദ്യം മറിച്ചു വില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.