ഒമിക്രോൺ ആശങ്കയിൽ സംസ്ഥാനം: ഇന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

കൊവിഡ് കേസുകൾ വർധിക്കുകയും ഒമിക്രോൺ ആശങ്ക ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. ഏഴ് ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും.

ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റീൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റീൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.