മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി, മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലീന്റെ മരുമകൾ ബിജെപിയിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ. മഹാരാഷ്‌ട്രയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ഇന്നലെ ദേവേന്ദ്ര ഫഡ്‌നാവിസുമായി അർച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി പ്രവേശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വനിതാ സംവരണ ബില്ല് എന്നെയും സ്വാധീനിച്ചു. സ്ത്രീകൾക്ക് എല്ലാ മേഖലകളിലും ഇത് തുല്യഅവസരം നൽകുന്നു. ലാത്തൂരിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയോടൊപ്പം ചേർന്ന് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. -അർച്ചന പറഞ്ഞു.

ചകുർക്കർ കുടുംബത്തിൽ നിന്നുളള അർച്ചന ബിജെപിയിലെത്തിയതോടെ ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകളും പിന്തുണയും എൻഡിഎയ്‌ക്ക് ലഭിക്കുന്നതിന് വഴിയൊരുങ്ങും. ലാത്തൂർ ജില്ലയിൽ ഉൾപ്പെടെ നിർണായക സ്വാധീനമുളള സമുദായമാണ് ലിംഗായത്തുകൾ. നേരത്തെ കോൺഗ്രസിന് ഇവർ ഉറച്ച പിന്തുണ നൽകിയിരുന്നെങ്കിലും 2014 ലെ തെരഞ്ഞെടുപ്പ് മുതൽ സ്ഥിതി മാറിയിരുന്നു.

അർച്ചന പാട്ടീലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ്, അവർ ചേരുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. ശിവരാജ് പാട്ടീൽ വളരെ ശക്തനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അവളുടെ കുടുംബത്തിൽ നിന്ന് അർച്ചന പാട്ടീൽ ഞങ്ങളുടെ പാർട്ടിയിലേക്ക് വരുന്നു, ഇത് വലിയ കാര്യമാണ്. ശിവരാജ് പാട്ടീലിന് വലിയ രാഷ്ട്രീയ പാരമ്പര്യമുണ്ട്. അർച്ചന ആ പാരമ്പര്യം കൊണ്ടുവന്നു. ഇത് പാർട്ടിയെ ശക്തിപ്പെടുത്തും. അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്‌ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിലാണ് തെരഞ്ഞെടുപ്പ് .വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.