അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം, കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കോടതി തള്ളി

റാഞ്ചി. മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ വിചാരണ കോടതിയില്‍ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.

2018ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷായ്‌ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്. ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധിയുടെ ഭാഗം കേട്ട കോടതി കേസ് മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിച്ച ശേഷം തള്ളുകയായിരുന്നു.

അതേസമയം അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ രാഹുലിന് യുപിയിലെ സുല്‍ത്താന്‍പുര്‍ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.