കോവിഡിനെതിരെ പ്രിതരോധഗാനം രചിച്ച് ബോധവത്കരണം, പിന്നാലെ കവിയുടെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം:കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ ലോകം മുഴുവന്‍ ഒന്നിച്ച് നിന്ന് പോരാടുകയാണ്.കോവിഡഡ് പ്രതിരോധഗാനം രചിച്ച് കഴക്കൂട്ടം സാകല്യയില്‍ കവിയും എഴുത്തുകാരനുമായ അഡ്വ. പി.കെ.ശങ്കരന്‍കുട്ടിയുടെ ബോധവത്കരണം ശ്രദ്ധ നേടിയിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ജീവന്‍ കോവിഡ് 19 കവര്‍ന്നിരിക്കുകയാണ്.പി.കെ.ശങ്കരന്‍കുട്ടി നായരുടെ ഭാര്യ എസ്.എസ്.ജയശ്രീയാണ് മരിച്ചത്.50 വയസായിരുന്നു.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയവെയായിരുന്നു ജയശ്രീയുടെ മരണം.

”ചെറുത്തീടാം ചെറുത്തീടാം കൊറോണയെ ചെറുത്തീടാം നേരിടാം നേരിടാം നേരറിവിലൂടെ”എന്നു തുടങ്ങുന്ന ഗാനം കോവിഡ് പ്രതിരോധത്തിനായി എംപ്ലോയ്‌മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ശങ്കരന്‍കുട്ടി നായര്‍ എഴുതിയിരുന്നത് വളരെയധികം ശ്രദ്ധ നേടിയിരുന്നു.സെപ്റ്റംബറില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ കോവിഡ് പ്രതിരോധ ബോധവത്കരണ ഗാനം രചിക്കാന്‍ ജയശ്രീയായിരുന്നു പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു.

സംഗീതജ്ഞന്‍ അഭിലാഷ് വെങ്കിടാചലം ചിട്ടപ്പെടുത്തുകയും അര്‍ജുന്‍ ബി.കൃഷ്ണ ഗാനം ആലപിക്കുകയും ചെയ്തിരുന്നു.ഈ ഗാനം തയ്യാറാക്കാന്‍ സഹായിച്ചത് ഭാര്യ ജയശ്രീയായിരുന്നെന്നും ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു.ജയ്ശ്രീക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ഒക്ടോബര്‍ പത്തിന് ആയിരുന്നു.രണ്ട് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.പിന്നീട് തലസ്ഥാനതത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ശവസംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി.