നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കാര്‍ത്തിക

മനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളില്‍ ഒരാളാണ് കാര്‍ത്തിക.സീരിയലുകളില്‍ പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പിക്കാറുണ്ട്.ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് കാര്‍ത്തിക.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്.അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന്’നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്.സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി.അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്,അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി.അയ്യോ അത് അഭിനയമല്ലേ അമ്മേ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല.കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു.കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.ഈ വിധത്തില്‍ മോശവും നല്ലതുമായ പ്രതികരണങ്ങള്‍ നേരിട്ടും അല്ലാതെയും കിട്ടിയിട്ടുണ്ട്.’ഭ്രമണ’ത്തിലെ ദീപഅപ്പച്ചി എനിക്ക് പ്രേക്ഷകരുടെ വലിയ സ്‌നേഹം അറിയാനായ ക്യാരക്ടറാണ്.ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകര്‍ പറഞ്ഞു കേള്‍ക്കുോള്‍ വലിയ സന്തോഷമാണ്.’ഭ്രമണ’ത്തിലെ അപ്പച്ചിക്ക് ശേഷം ഇപ്പോള്‍’ജീവിതനൗക’യിലും അപ്പച്ചിയാണ്.പക്ഷെ ഇതില്‍ നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്.

പുതിയ തലമുറയ്ക്ക് ഇത് ക്യാരക്ടറാണെന്ന നല്ല ബോധ്യമുണ്ട്,പഴയ തലമുറയിലെ ചിലരാണ് ക്യാരക്ടറിനെ റിയലായി കണ്ട് പ്രതികരിക്കുന്നത്.ചില നേരത്ത് നമ്മുടെ കഥാപാത്രത്തോട് നമുക്ക് തന്നെ ദേഷ്യം തോന്നാറുണ്ട്.അന്നേരം നല്ലൊരു ക്യാരക്ടര്‍ ചെയ്യാന്‍ വല്ലാതെ കൊതി തോന്നും.അഭിനയം തൊഴിലായതു കൊണ്ട് കിട്ടുന്നതെല്ലാം നമുക്ക് ചെയ്യേണ്ടി വരും.പ്രേക്ഷകര്‍ മോശം പറഞ്ഞാലും അത് ക്യാരക്ടറിനോടുള്ള അവരുടെ പ്രതികരണമാണെന്ന് ബോധ്യമുള്ളതിനാല്‍ പ്രശ്‌നമില്ല.പൊതുവെ പ്രേക്ഷകര്‍ക്ക് നമ്മളെ പോസിറ്റീവായ ക്യാരക്ടറില്‍ കാണാനാണ് ഇഷ്ടം.