ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെ; സ്ഥിരീകരിച്ചു

കൂടത്തായി സംഭവത്തിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ കാറില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി സയനൈഡ് തന്നെ. മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധാനാ ഫലം വ്യക്തമാക്കുന്നു. ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ ഇന്നലെയായിരുന്നു പരിശോധന നടത്തിയത്. ഡിജിപിയാണ് അടിയന്തര പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം സിലിയെ ഇല്ലാതാക്കാന്‍ ഷാജു സഹായിച്ചെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ജോളിയെ ഇന്നലെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന അലമാരി ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. സിലി കൊലപാതകക്കേസിലാണ് ജോളിയെ തെളിവെടുപ്പിനായി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയത്.

ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനെയും അമ്മ ഫിലോമിനയെയും ജോളിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു. പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയതിനു ശേഷം ജോളിയെ കൂടത്തായി പൊന്നമറ്റം വീട്ടിലേക്ക് കൊണ്ടു പോയി. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും തെളിവെടുപ്പ് നടത്തി.