സബ്‌സ്‌ക്രൈബര്‍ തിരക്കിലാണെന്ന് കേള്‍ക്കുമ്പോള്‍ സൈക്കോയാകുന്ന ചെറുക്കന്‍, സഹികെട്ടപ്പോള്‍ ഈ വിവാഹം വേണ്ടെന്ന് അവള്‍ പറഞ്ഞു, ദീപ നിശാന്ത് പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയായ സംഭവമാണ് വിസ്മയയുടെ മരണം. ഇതിന് പിന്നാലെ പലരും തങ്ങളുടെ അറിവിലുള്ള സ്ത്രീകളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ അധ്യാപിക ദീപ നിശാന്ത് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. വിവാഹം ഉറപ്പിച്ചതോടെ പ്രതിശ്രുത വരനില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക ഉപദ്രവത്തെ തുടര്‍ന്ന് തന്റെ പരിചയത്തിലുള്ള ഒരു യുവതി വിവാഹം വേണ്ടെന്ന് പറഞ്ഞുവെന്നും മാതാപിതാക്കള്‍ അവള്‍ക്ക് ഒപ്പം നിന്നുവെന്നും ദീപ പറയുന്നു.

ദീപ നിശാന്തിന്റെ വാക്കുകള്‍, ബന്ധുവായ ഒരു പെണ്‍കുട്ടിയുടെ അനുഭവമാണ്.. വിവാഹം നിശ്ചയിച്ചു. അഞ്ചാറു മാസം കഴിഞ്ഞാണ് വിവാഹത്തിയ്യതി. പയ്യന്‍ വിദേശത്താണ്. എന്‍ഗേജ്‌മെന്റിന് മൊബൈല്‍ ഫോണ്‍ കൈമാറുന്ന ഒരു ചടങ്ങ് പലയിടത്തും കണ്ടിട്ടുണ്ട്. കൈമാറുകാന്ന് വെച്ചാല്‍ ചെറുക്കന്‍ പെണ്‍കുട്ടിക്ക് ഒരു പുതിയ ഫോണ്‍ കൈമാറും. അത്ര തന്നെ.

അങ്ങനെ പുതിയ ഫോണ്‍ കിട്ടി രണ്ടുപേരും പരസ്പരം ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി തനിക്കീ വിവാഹം വേണ്ടെന്ന് വീട്ടുകാരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പാസ് വേഡ് ചോദിക്കുക, ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ സൂക്ഷ്മനിരീക്ഷണം നടത്തുക, ഫോണ്‍ വിളിക്കുമ്പോള്‍ ‘സബ്‌സ്‌ക്രൈബര്‍ തിരക്കിലാണ് ‘ എന്നു കേള്‍ക്കുമ്പോള്‍ ഒരുമാതിരി സൈക്കോയെപ്പോലെ പെരുമാറുക എന്നിത്യാദി കലാപരിപാടികളായിരുന്നുവത്രേ ചെറുക്കന്.. സഹികെട്ടപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞു. വീട്ടുകാര്‍ കൂടെ നിന്നു. വിവാഹം വേണ്ടെന്നു വെച്ചു.

രസമതല്ല. ആ പെണ്‍കുട്ടിയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു കൊണ്ട് ഇപ്പോഴും പല ബന്ധുക്കളും പരസ്പരം പറയുന്നതു കേട്ടിട്ടുണ്ട്. ‘ വിവാഹമുറപ്പിച്ചാല്‍പ്പിന്നെ അധികം നീട്ടിവെക്കണ്ട.. മറ്റേ കേസ് പോലാവും. ഫോണ്‍ വിളി അധികം വേണ്ടാന്ന് പറയണം. വിളിച്ചു വിളിച്ചാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകണത് ‘ എന്ന്.. അതേ ബന്ധുക്കള്‍ ഇപ്പോള്‍ വിസ്മയയെപ്പറ്റിയോര്‍ത്ത് കണ്ണീരൊഴുക്കുന്നത് കണ്ടപ്പോള്‍ ചുമ്മാ ഓര്‍ത്തതാണ്..