ആറടി മണ്ണിന് അവകാശ മെങ്കിലും നല്‍കരുതോ, അനുജ ജോസഫ് പറയുന്നു

നിങ്ങള്‍ എല്ലാവരും കൂടിയാണ് എന്റെ അച്ഛനെ കൊന്നത്. ഇനിയുള്ളത് അമ്മയാണ്. ആ 17കാരന്റെ വാക്കുകള്‍ കേരള മനസാക്ഷിയെ ഒന്നടങ്കം പൊള്ളിക്കുന്നതാണ്. രാജന്റെയും ഭാര്യയുടെയും മരണം സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധമായി ആളിക്കത്തുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. മേലധികാരികള്‍ ഒരല്‍പം വിവേകത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കില്‍ നമുക്ക് രണ്ടു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അനുജ ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ എന്റെ പപ്പയെ കൊന്നു, അടക്കാനും സമ്മതിക്കില്ലേയെന്നു ആ കുഞ്ഞു ചോദിക്കുമ്പോള്‍ തകരുന്നത് സാക്ഷര കേരളത്തിന്റെ മുഖമാണെന്നതു മറന്നു കൂടായെന്നും അനുജ കുറിക്കുന്നു.

അനുജയുടെ കുറിപ്പ്; ‘സാറെ നിങ്ങള്‍ എല്ലാവരും കൂടെയാണ് എന്റെ അച്ഛനെ കൊന്നത്, ഇനി അമ്മയും കൂടെ ആണ് ഉള്ളത് ‘ ആ അമ്മയും ആ കുട്ടികളെ വിട്ടു പോയി. തിരുവനന്തപുരം നെല്ലിമൂട് ഭാഗത്തു 47വയസ്സുള്ള രാജന്റെയും ഭാര്യ അമ്പിളിയുടെയും ദാരുണ മരണം വീഡിയോ ആയിട്ടു പലരും ഇതിനോടകം കണ്ടു കഴിഞ്ഞു. വസ്തു തര്‍ക്കവും കുടിയൊഴിപ്പിക്കലും അവസാനിച്ചത് രാജന്റെയും അമ്പിളിയുടെയും മരണത്തിലായിരുന്നുവെന്നതാണ് ദുഃഖംകരം.

വീട്ടില്‍ നിന്നും അവരെ ഒഴിപ്പിക്കാന്‍ എത്തിയ മേലധികാരികള്‍ ഒരല്പം വിവേകത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കില്‍ നമുക്ക് രണ്ടു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. രണ്ടു കുട്ടികള്‍ അനാഥര്‍ ആകില്ലായിരുന്നു.
ചോറ് കഴിക്കുന്നതിനിടയില്‍ വീട്ടിലേക്കു കടന്നു വന്ന അധികാരികള്‍ ബലപ്രയോഗം നടത്തി രാജനെ പുറത്തേക്കു കൊണ്ടു വരുകയും തങ്ങള്‍ക്ക് കുറച്ചു കൂടെ സാവകാശം നല്‍കണമെന്ന അപേക്ഷ പോലും തള്ളിക്കളഞ്ഞവര്‍ക്ക് മുന്നില്‍ ഗത്യന്തരമില്ലാതെ ഭാര്യയുടെ മേലും തന്റെ മേലും പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്നു പോലീസിന്റെ ഇടപെടലില്‍ തീ പടര്‍ന്നു പിടിക്കുകയും രാജനും ഭാര്യയും മരണപ്പെടുകയും ചെയ്തു.

പ്രസ്തുത സംഭവത്തില്‍, തങ്ങളുടെ പപ്പയെയും അമ്മയെയും കണ്മുന്നില്‍ നിമിഷനേരത്തിനുള്ളില്‍ നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ സങ്കടത്തിനു എന്തു പകരം വയ്ക്കാനാകും. അവരുടെ മാനസിക നില പോലും കണ്ടു നില്‍ക്കാനാകുന്നില്ല. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ബാലവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മിഷനും ഉള്‍പ്പെടെ മേലധികാരികള്‍ എല്ലാം ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നടപടികള്‍ എടുക്കുമെന്ന് കരുതുന്നു, അപ്പന്റെയും അമ്മയുടെയും വേര്‍പാട് ആ കുഞ്ഞുങ്ങളെ എത്ര മേല്‍ തളര്‍ത്തിയിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതേ ഉള്ളു.

സമൂഹമാധ്യമങ്ങളിലെ നമ്മുടെ വാക്കുകള്‍ ഒന്നു കൊണ്ടും ആ കുഞ്ഞുങ്ങളുടെ വേദനക്ക് പകരമാകില്ല. കഴിയുന്നവര്‍ ആ കുഞ്ഞുങ്ങളുടെ അടുക്കലേക്കു എത്തിച്ചേരുക (Trivandrum, Nellimmoodu), അവര്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്, അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍ ദയവു ചെയ്തു പോലീസിന്റെ സാന്നിധ്യം ഒഴിവാക്കാനെങ്കിലും അധികാരികള്‍ ശ്രദ്ധിക്കു. ആ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുക. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ തക്ക നടപടികള്‍ ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് മുന്നില്‍ അപഹാസ്യനായി വീട്ടില്‍ നിന്നും ഇറങ്ങി പോരേണ്ടുന്നവന്റെ മനസ്സു കാഴ്ചക്കാര്‍ക്കും ആക്രോശം നടത്തിയവര്‍ക്കും മനസ്സിലായില്ല , രാജനും ഭാര്യക്കും ഉണ്ടായ ദാരുണാന്ത്യം വിരല്‍ ചൂണ്ടുന്നത് മുതലാളിത്ത വാഴ്ചയുടെ മറ്റൊരു മുഖം, ആവര്‍ത്തിക്കാതിരിക്കട്ടെ ഇത്തരം സംഭവങ്ങള്‍. ആറടി മണ്ണിനവകാശമെങ്കിലും നല്കരുതോ, നിങ്ങള്‍ എന്റെ പപ്പയെ കൊന്നു, അടക്കാനും സമ്മതിക്കില്ലെയെന്നു ആ കുഞ്ഞു ചോദിക്കുമ്പോള്‍ തകരുന്നത് സാക്ഷര കേരളത്തിന്റെ മുഖമാണെന്നതു മറന്നു കൂടാ.