ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്, സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്.

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ടെസ്റ്റിന് വിട്ടുനല്‍കാതെയാണ് പ്രതിഷേധം തുടരുന്നത്. പങ്കെടുക്കാന്‍ സന്നദ്ധരായവര്‍ക്കുപോലും ഇതുകാരണം ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച പത്തനംതിട്ട, തിരുവല്ല ഓഫീസുകളില്‍ മാത്രമാണ് ടെസ്റ്റ് നടന്നത്. ഇരുസ്ഥലത്തുമായി 11 പേര്‍ പങ്കെടുത്തു. തിരുവനന്തപുരം മുട്ടത്തറയില്‍ വന്നവര്‍ക്ക് സാങ്കേതികപ്രശ്‌നങ്ങള്‍കാരണം മടങ്ങേണ്ടിവന്നു.

നികുതിസംബന്ധമായ ഇടപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍, ബുധനാഴ്ച ആര്‍.ടി. ഓഫീസുകളില്‍ മാത്രമാണ് ഡ്രൈവിങ് ടെസ്റ്റുള്ളത്. സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംയുക്ത സമരസമിതിയും ഐ.എന്‍.ടി.യു.സി. നേതൃത്വവും അറിയിച്ചു.

ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയും ഡ്രൈവിങ് ലെസന്‍സ് ടെസ്റ്റ് തടസ്സപ്പെട്ടു. ഫെബ്രുവരിയില്‍ ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ക്കെതിരേയാണ് സമരം തുടങ്ങിയത്. അതിലെ നിര്‍ദേശങ്ങള്‍ തത്കാലത്തേക്ക് മരവിപ്പിച്ച സാഹചര്യത്തില്‍ മറ്റൊരു വിട്ടുവീഴ്ചയ്ക്ക് മോട്ടോര്‍വാഹനവകുപ്പും തയ്യാറല്ല.