അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ ഡ്രോൺ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. അതിരപ്പള്ളി വാച്ചുമരം സ്വദേശിനി അമ്മിണിയെ ഞായറാഴ്ചയാണ് കാണാതായത്.

എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി.

നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും അമ്മിണിയെ കണ്ടെത്താനായില്ല. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് ഇത്.

മാസങ്ങൾക്ക് മുൻപാണ് വാച്ചുമരം കോളനിയിൽ വച്ച് മൂപ്പന്റെ ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പിന്റെ 80 അംഗസംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. അമ്മിണിയെ കണ്ടെത്താൻ സാധിക്കാതായതോടെയാണ് ഇന്ന് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്.