കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവറെ പിന്തുണച്ച് സംസാരിച്ച അഡ്വ. ജയശങ്കർ, യുട്യൂബ് വീഡിയോയില്‍ ജാതിയമായി അധിക്ഷേപിച്ചെന്നാണ് എംഎൽഎ പരാതിയിൽ ആരോപിക്കുന്നത്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ’ എന്ന് ചോദിച്ചതായി സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ അകത്തായേനെ. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല”, എന്നാണ് ജയശങ്കര്‍ വീഡിയോയില്‍ പറഞ്ഞത്.

മേയര്‍ ആര്യാരാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശമാണ് അഡ്വ. എ. ജയശങ്കർ നടത്തിയത്. ഇതാണ് എംഎൽഎയെ അസ്വസ്ഥനാക്കിയത്.