വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. കോൺഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലുള്ളവരാണെന്നുമായിരുന്നു പിത്രോദയുടെ വിവാദപ്രസ്താവന. ഒരു ഇംഗ്ലിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇതു വൻ വിവാദത്തിനാണ് വഴിവച്ചത്.

ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തിൽ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ‘‘ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവർ അറബികളെ പോലെയാണ്, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.’’ എന്നായിരുന്നു പിത്രോദയുടെ വാക്കുകൾ.

പിന്നാലെ തന്നെ പിത്രോദയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് വിവരിക്കാൻ പിത്രോദ നടത്തിയ പരാമർശ്യങ്ങൾ ദൗർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.