തെറ്റുപറ്റാത്തവരായി ആരുമില്ല’;പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്‍

പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ ഒരു വിവാദവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ കാര്യങ്ങളും ഏകകണ്ഠമായിട്ടാണ് അംഗീകരിച്ചിട്ടുള്ളത്. അതിന് വിരുദ്ധമായി വന്നിട്ടുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പി ശശി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. സംസ്ഥാന കമ്മിറ്റി അംഗത്തിന് എന്ത് അയോഗ്യതയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു. ശശിക്കെതിരായ പീഡനപരാതി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഒരു പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തി ഒരു നടപടി എടുത്താല്‍ അത് ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി രീതിയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഓരോരുത്തര്‍ക്കും അഭിപ്രായങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. പക്ഷെ തീരുമാനങ്ങളെല്ലാം ഐക്യകണ്ഠേനയാണ്. എതിരഭിപ്രായങ്ങളൊന്നുമില്ല. എല്ലാവരും വളരെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുള്ളതാണ് തീരുമാനങ്ങളെല്ലാം എന്നും ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി നടപടി അവരെ നശിപ്പിക്കാനല്ല, തെറ്റു തിരുത്തി ശരിയായ നിലയിലേക്ക് നയിക്കാനാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ഒരിക്കല്‍ പുറത്താക്കി എന്നതുകൊണ്ട് അയാള്‍ ആജീവനാന്തകാലം പുറത്താക്കപ്പെടേണ്ടതാണ് എന്നത് തെറ്റായ ധാരണകളാണ്. മനുഷ്യരായി ജനിച്ചവര്‍ക്ക് തെറ്റുകള്‍ സംഭവിക്കും. തെറ്റുപറ്റാത്തവരായി ആരുണ്ട്?. തെറ്റുപറ്റാത്തവരായി ആരുമില്ല. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക്, ചില പിശകുകളോ തെറ്റുകളോ സംഭവിച്ചേക്കാം. അങ്ങനെയുണ്ടായാല്‍ ആ തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി ശരിയായ നിലയിലേക്ക് നയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. തെറ്റുകള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്ക വേണ്ട. ഞങ്ങളുടെയൊക്കെ അനുഭവം വെച്ച്‌, തെറ്റു പറ്റിയ സഖാക്കള്‍ അത് തിരുത്തി ശരിയായ നിലയില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു വന്ന അനുഭവമാണ് പാര്‍ട്ടിക്കുള്ളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. മുമ്ബ് എന്ത് തെറ്റിന്റെ പേരിലാണ് ശശിക്കെതിരെ നടപടിയെടുത്തത്, ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. പാര്‍ട്ടിക്ക് മുമ്ബ് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുതെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.