ഇടക്കാല ജാമ്യം കിട്ടിയാലും ഔദ്യോഗിക ജോലികളിൽ ഇടപെടരുത്, കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടി. അതേസമയം ജാമ്യം നിരവധി വ്യവസ്ഥകളുമായി സുപ്രീം കോടതി. ജാമ്യം അനുവദിക്കുകയാണെങ്കിലും ഔദ്യോഗിക ജോലികളിൽ ഇടപെടാൻ പാടില്ല, ഫയലുകളിൽ ഒപ്പിടാൻ പാടില്ല, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാം.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ശക്തമായി എതിർത്ത് കേന്ദ്രവും ഇഡിയും സുപ്രിം കോടതിയിൽ. കെജ്രിവാൾ ജയിലിൽ കിടക്കുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും സഹതാപത്തിന്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയിൽ വാദിച്ചു. നിരവധി സാധാരണക്കാരും ജയിലിൽ കിടക്കുന്നുണ്ടെന്നും ഇഡിയും കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ പറഞ്ഞു.

ജയിലിലിരുന്നും കെജ്രിവാൾ ഡൽഹി ഭരിക്കാൻ ശ്രമിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. സുപ്രീം കോടതി പരമർശത്തോടെ ജാമ്യം ലഭിച്ച് പുറത്തുവന്നാലും കെജ്രിവാളിന്റെ ചുമതലകൾ നിർവഹിക്കാൻ പകരക്കാരെ തേടേണ്ടി വരും. മന്ത്രിസഭയിലെ മറ്റാർക്കെങ്കിലും ചുമതല നൽകുകയായിരിക്കും ചെയ്യുക.

ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന കോടതിയുടെ വ്യവസ്ഥയെ കെജ്‌രിവാളിന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു. തെരഞ്ഞെടുപ്പായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെ കുറിച്ച് ആലോചിക്കുന്നതെന്നും അല്ലെങ്കിൽ അറസ്റ്റിനെതിരായ ഹർജി പരി​ഗണിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ബെഞ്ച് അറിയിച്ചു. അങ്ങനെ വന്നാൽ ഇടക്കാല ആശ്വാസം മുഖ്യമന്ത്രിക്ക് ലഭിക്കില്ലെന്നും വാദം കോടതിയുടെ വേനലവധിക്ക് ശേഷവും നീണ്ടുപോകുമെന്നും ബെഞ്ച് സൂചിപ്പിച്ചു.