ദൈവ ദൂതരെ പോലെ അവര്‍ എത്തി, മരണം മുന്നില്‍ കണ്ട കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ടി എസ് ലത്തീഫ്, വി എസ് ബഷീര്‍.

ഇടുക്കി: ബസ് ജീവനക്കാര്‍ രക്ഷകരാകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നിന്നും പുറത്ത് എത്തുന്നത്. ഇവിടെ മരണം കവര്‍ന്ന് എടുക്കാന്‍ ശ്രമിച്ച രണ്ട് ജീവനുകള്‍ ആണ് രണ്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വിജനമായ വഴിയില്‍ ആ ജീവനുകളെ വകവയ്ക്കാതെ പോകാന്‍ എല്ലാ മാര്‍ഗവും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ഉള്ളിലെ മനസാക്ഷി അതിന് അനുവദിച്ചില്ല.

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടാകുന്നത്. തൊടുപുഴ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവറായ ടി എസ് ലത്തീഫും കണ്ടക്ടര്‍ വി എസ് ബഷീറും കട്ടപ്പന റൂട്ടിലെ ബസില്‍ ജോലിയില്‍ ആയിരുന്നു. ഇതിനിടെയാണ് കുടയുരുട്ടില്‍ വിജനമായ വനമേഖലയില്‍ എത്തിയപ്പോള്‍ ആ കാഴ്ച കണ്ടത്. കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ അതിനുള്ളില്‍ കുടുങ്ങി കിടക്കുന്നു. പാലാ സ്വദേശി ബാബു അഗസ്റ്റിനും കുടുംബവും ആയിരുന്നു കാറില്‍ അപകടത്തില്‍ പെട്ട് കിടന്നത്.

എന്നാല്‍ തലതിരിച്ച് ആ അപകടം കണ്ടില്ലെന്ന് വെച്ച് പോകാന്‍ ലത്തീഫിനും ബഷീറിനും സാധിച്ചില്ല. ഒട്ടും വൈകാതെ കാറിനുള്ളില്‍ നിന്നും അവരെ പുറത്തെടുത്ത് കെ എസ് ആര്‍ ടി സി ബസില്‍ കയറ്റി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിക്ക് അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. അപകടം നടക്കുന്നതിന് തലേ ദിവസമാണ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ ബാബുവും കുടുംബവും. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇവരെ വിളിച്ച് സുഖ വിവരം തിരക്കി. ആ സമയത്ത് ദൈവം അയച്ചതാണ് നിങ്ങളെ എന്നായിരുന്നു ബാബുവിന്റെയും കുടുംബത്തിന്റെയും പ്രതികരണം.