മലദ്വാരത്തിനകത്ത് വെച്ച് സ്വർണ്ണം കടത്തിയ മുഹമ്മദ് അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 49 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി മുഹമ്മദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1063 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ വിമാനത്താവളത്തിലെല്ലാം സ്വർണ്ണക്കടത്തു സജീവമായിരുന്നു. ദോഹയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വർണം മലപ്പുറം പൊലീസ് അരീകോട് വച്ച് പിടികൂടി. സ്വർണ്ണം കടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വർണം സ്വീകരിച്ച് കൊണ്ടുവന്ന മറ്റ് മൂന്ന് പേരെയും സഞ്ചരിച്ച കാറും കാരിയർക്ക് നൽകാനായി കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദോഹയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടിയത്തൂർ സ്വദേശി അഷ്റഫ് (56), സ്വർണ്ണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലാജ്(23), നിഷാദ്(36), ഫാസിൽ (40) എന്നിവരാണ് 1063 ഗ്രാം സ്വർണം സഹിതം പൊലീസ് പിടിയിലായത്.