ഡൽഹി വ്യാജ ഏറ്റുമുട്ടൽ: മോദിയുടെ പേരു പറയാന്‍ സിബിഐ നിര്‍ബന്ധിച്ചു’ – അമിത് ഷാ

ന്യൂഡൽഹി . കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഡൽഹി വ്യാജ ഏറ്റുമുട്ടൽ കേസിൽ കുടുക്കാൻ സി.ബി.ഐ സമ്മർദ്ദം ചെലുത്തിയിരുന്നതായും കേസിൽ മോദിയുടെ പേരു പറയാന്‍ തന്നെ സിബിഐ നിര്‍ബന്ധിച്ചതായും അമിത് ഷാ. നരേന്ദ്ര മോദിയെ ഡൽഹി വ്യാജ ഏറ്റുമുട്ടൽ കേസിൽ കുടുക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധത്തെ പ്രധാനമന്ത്രി മോദി അവഗണിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുലിന്റെ പാർലമെന്റ് അംഗത്വം നഷ്ടപെട്ട വിഷയത്തിൽ, കോടതി ശിക്ഷിക്കുകയും ലോകസഭാഅംഗത്വം നഷ്‌ടപ്പെടുകയും ചെയ്ത ഒരേയൊരു രാഷ്ട്രീയക്കാരൻ അല്ല രാഹുൽ ഗാന്ധിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോകുന്നതിനുപകരം, മോദിയെ കുറ്റപ്പെടുത്താനും കരച്ചിൽ സൃഷ്ടിക്കാനുമാണ് രാഹുൽ ശ്രമിക്കുന്നത് – അമിത് ഷാ പറഞ്ഞു.

അതേസമയം അന്വേഷണ ഏജൻസികളുടെ നടപടിയ്‌ക്കെതിരെ ഒന്നിച്ച പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിക്കുകയുണ്ടായി. അഴിമതിക്കാരെല്ലാവരും കൂടി ഒരുമിച്ച് കൂടി. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരു വേദിയിൽ ഒത്തു ചേരുകയാണെന്നും മോദി പറയുകയുണ്ടായി. അഴിമതിയ്‌ക്കെതിരെ നടപടിയെടുക്കുമ്പോൾ അവർ അസ്വസ്ഥരാകും. ഇത്തരം നടപടികളിൽ നിന്നും പിന്നോട്ടില്ലെന്നും ഡൽഹിയിൽ ബിജെപിയുടെ പാർപ്പിട സമുച്ചയവും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് കൊണ്ട് മോദി പറഞ്ഞിരുന്നു.