​ഗവർണർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; തെളിവുകളും മുഖ്യമന്ത്രിയുടെ കത്തും പുറത്തുവിട്ടേക്കും

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് രാജ്ഭവന്റെ ഔദ്യോഗിക അറിയിപ്പ്. തിരുവനന്തപുരത്ത് എത്തുമ്പോൾ സർക്കാരിനെതിരായ തന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന കൂടുതൽ തെളിവുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് ഗവർണർ അറിയിച്ചിരുന്നു. സവിശേഷ രാഷ്ട്രീയസാഹചര്യത്തിൽ ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയതും ചർച്ചയായിരുന്നു. തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രാദേശിക നേതാവ് മണികണ്ഠന്റെ വീട്ടില്‍ വെച്ചാണ് കൂടികാഴ്ച്ച നടത്തിയത്. ഏകദേശം അരമണിക്കൂര്‍ നീണ്ട കൂടികാഴ്ച്ചയ്ക്ക് ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.

സര്‍വകലാശാലയിലെ ബന്ധുനിയമന വിവാദത്തില്‍ ഗവര്‍ണറെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. ആദ്യമായിട്ടാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഗവര്‍ണർക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. ഗവര്‍ണര്‍ അസംബന്ധമാണ് പറയുന്നതെന്നും എന്തും പറയാനുള്ളതല്ല ഗവര്‍ണര്‍ പദവിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉന്നയിച്ചു.

ഇതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണറും രംഗത്തെത്തി. കണ്ണൂര്‍ വിസിയുടെ അനാസ്ഥ താന്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നത്. ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടും. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.