സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം കെല്‍ട്രോണിന് നല്‍കുന്നില്ല, ദൈനംദിന ചിലവുകള്‍ക്ക് ബുദ്ധിമുട്ടി കെല്‍ട്രോണ്‍

തിരുവനന്തപുരം. എഐ ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം സര്‍ക്കാര്‍ കൈമാറാത്തതിനാല്‍ കെല്‍ട്രോണ്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ആദ്യഘട്ടത്തില്‍ കെല്‍ട്രോണിന് സര്‍ക്കാര്‍ നല്‍കേണ്ടത് 11.79 കോടിയാണ്. ദൈനംദിന ചെലവുകള്‍ക്ക് ബുദ്ധിമുട്ടുകയാണ് നിലവില്‍ കെല്‍ട്രോണ്‍. കെല്‍ട്രോണിന് മാസം ഒരു കോടിയോളമാണ് എഐ ക്യാമറ പദ്ധതിക്കായി ചെലവ് വരുന്നത്.

സെപ്റ്റംബറിലാണ് ആദ്യ ഗഡു ലഭിക്കേണ്ടിയിരുന്നത്. ഒരു മാസം തന്നെ നാല് ലക്ം ചെല്ലാനാണ് നിയമം ലംഘിക്കുന്നവരുടെ വീട്ടിലേക്ക് അയയ്ക്കുന്നത്. നിലവില്‍ ഒരു ചെല്ലാന്‍ അയായ്ക്കാന്‍ 20 രൂപയാണ് ചിലവ് വരുന്നത്. ഇതിനായി 146 താല്‍കാലിക ജീവനക്കാരുണ്ട്. ഇതിനായി മാത്രം 30 ലക്ഷം രൂപ വരുന്നു. മറ്റ് ചിലവുകളും കൂടി കണക്കാക്കുമ്പോള്‍ ചിലവ് ഒരു കോടിയാകും.

ഹൈക്കോടതി ആദ്യ ഗഡുവായി 11.79 കോടി നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും തീര്‍പ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.