സ്ത്രീകളും കുട്ടികളും ഹമാസ് ഭീകരരുടെ കൂട്ടബലാത്സം​ഗത്തിനും ലൈംഗിക അതിക്രമങ്ങളൾക്കും ഇരയായി- യുഎൻ റിപ്പോർട്ട്

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയ ഹമാസ് ഭീകരർ സ്ത്രീകളെ ക്രൂരമായ ബലാത്സം​ഗത്തിന് ഇരയാക്കിയെന്ന് യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. യുഎൻ റിപ്പോർട്ട്. ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുൾപ്പെടെയുള്ള അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി യുഎൻ വിദഗ്ധ പ്രമീലപാറ്റന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ വൈകിയതിന് യുഎന്നിനെ വിമർശിച്ച് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ രം​ഗത്ത് വന്നു. ഹമാസിന്റെ ആക്രമണത്തിനിടെ നടന്ന ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ യുഎൻ അഞ്ച് മാസമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് നടന്ന ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ബന്ദികളിൽ ചിലർ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബന്ദികളായി തുടരുന്നവർക്കു നേരെ ഇത്തരം ആക്രമണം നടക്കുന്നതായും കരുതുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇസ്രയേൽ ഹമാസിന് നേർക്ക് ബലാത്സംഗ-ലൈംഗിക കുറ്റകൃത്യ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും യു.എൻ. നടപടികൾ വളരെ സാവധാനത്തിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഫെബ്രുവരി ആദ്യമാണ് പ്രമില, വിദഗ്ധർക്കൊപ്പം ഇസ്രയേലും വെസ്റ്റ് ബാങ്കും സന്ദർശിച്ചത്.

ഒക്ടോബർ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാർക്കും സൈനിക കേന്ദ്രങ്ങൾക്കും നേർക്ക് നടത്തിയ സംഘടിത ആക്രമണത്തിൽ, വിവിധയിടങ്ങളിൽ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളിലെങ്കിലും-നോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയും അതിന്റെ പരിസരവും, റോഡ് 232, കിബ്ബുറ്റ്‌സ് റേയിം എന്നിവിടങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമാണ് കൂടുതൽ സംഭവങ്ങളിലുമുണ്ടായത്. സ്ത്രീകളുടെ മൃതശരീരം ബലാത്സംഗം ചെയ്ത, രണ്ടു സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.