ദേശീയ കായിക താരത്തിന്റെ കൈയ്യും കാലും തല്ലിയൊടിച്ചു, പിന്നിൽ ലഹരി സംഘം

മലപ്പുറം : ദേശീയ കായിക താരത്തിന്റെ കൈയ്യും കാലും തല്ലിയൊടിച്ചെന്ന് പരാതി. നിലമ്പൂർ കരുളായിൽ
ആണ് സംഭവം. ലഹരി-​ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്‌ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനാണ് മർദനമേറ്റത്.

ഇയാളുടെ കൈക്കും കാലിനും ഒടിവുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് . വിദ്യാർത്ഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദേശീയ സ്കൂൾ കായിക മേളയിൽ 100 X 4 റിലേയിൽ കേരളത്തിനു വേണ്ടി മത്സരിച്ച ഷാൻ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിലും മത്സരിച്ചിരുന്നു.

ഷാനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കിൽ ലഹരി സംഘത്തിന്റെ ബൈക്ക് ഇടിച്ചു. ഇതു ചോദ്യം ചെയ്തതോടെയാണ് ഇവർ ഷാനെ മർ​ദിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഷാൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കായിക സ്കൂളിലേക്ക് പ്രവേശനം നേടാനുള്ള പരിശീലനത്തിലിരിക്കെയാണ് ‌സംഭവം.