സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീട് വീടാന്തരം കയറിയിറങ്ങി മുടക്കാന്‍ നടക്കുന്നത് തെറ്റല്ലേ, വി മുരളീധരനെതിരെ ഹരീഷ് പേരടി

കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും ഒരു തടസ്സവും പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭാ മെമ്പറായ കേന്ദ്രമന്ത്രി എങ്ങനെയാണ് ഇങ്ങനെ പച്ചക്ക് എതിര്‍ക്കാന്‍ പറ്റുന്നതെന്ന് ഹരീഷ് പേരടി ചോദിച്ചു. സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീട് വീടാന്തരം കയറിയിറങ്ങി മുടക്കാന്‍ നടക്കുന്നത് തെറ്റല്ലേയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി ചോദിക്കുന്നു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടിയെ വിമര്‍ശിച്ച് നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, സുരേന്ദ്രന്‍ പറയുന്ന രാഷ്ട്രിയം എനിക്ക് മനസ്സിലാവും..കാരണം അയാള്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടാണ്..അയാള്‍ക്ക് അയാളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയം പറയാം..(അഭിപ്രായ വിത്യാസങ്ങള്‍ എനിക്കും പറയാം)

പക്ഷെ വി.മുരളിധരന്‍ കേന്ദ്രമന്ത്രിയാണ് …സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങിനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?..കേന്ദ്രസര്‍ക്കാറും സുപ്രിംകോടതിയും ഒരു തടസ്സവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങിനെയാണ് ഇങ്ങിനെ പച്ചക്ക് എതിര്‍ക്കാന്‍ പറ്റുന്നത്…അതും സ്വന്തം നാട്ടിലെ വികസനത്തെ …(കേരളം ഇന്‍ഡ്യയിലാണല്ലോ)ഇനി കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങള്‍ക്ക് മുകളിലാണോ…നമ്മള്‍ സാധരണക്കാര്‍ക്ക് എന്തറിയാം ല്ലേ?- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.