മാനസിക നില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യാതൊരു യോഗ്യതയുമില്ല- അനുജ ജോസഫ്

പാനൂരില്‍ വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സ്‌നേഹമെന്നും പ്രണയമെന്നും ഒക്കെ പറഞ്ഞു ഓരോ കൊലപാതകവും കണ്ടില്ലെന്നു നടിക്കുന്നതല്ലേ ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് പലരും വിമര്‍ശിക്കുന്നു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനുജ ജോസഫ്.

അനുജ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രണയം നിരസിക്കാനോ, അല്ലെങ്കില്‍ ഒരു ടോക്‌സിക് റിലേഷനില്‍ നിന്നും ഇറങ്ങി പോരാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിച്ചതാരാണ്? അവള് വേണ്ടാന്ന് വച്ചിട്ടല്ലേ, അവള്‍ക്കു ഇങ്ങനെ തന്നെ വേണമെന്ന തരത്തില്‍ ചിന്തിക്കുന്ന നിര്‍ഗുണസമ്പന്നന്മാരും, സമ്പന്നകള്‍ക്കും ഇന്നും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും സംഭവിച്ചിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

കണ്ണൂര്‍ പാനൂര്‍ ഭാഗത്തു പ്രണയപ്പകയില്‍ വീണ്ടുമൊരു കൊലപാതകം, ഇത്തവണ വിഷ്ണുപ്രിയയെന്ന 23കാരിയാണ് ശ്യംജിത് എന്ന യുവാവിന്റെ ക്രൂരതയ്ക്കിരയായത്. സ്‌നേഹമെന്നും പ്രണയമെന്നും ഒക്കെ പറഞ്ഞു ഓരോ കൊലപാതകവും കണ്ടില്ലെന്നു നടിക്കുന്നതല്ലേ ഇപ്പോഴത്തെ ട്രെന്‍ഡ്.

23വര്‍ഷം ഒരു പെങ്കൊച്ചിനെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ വേദനയ്ക്ക് ആരു സമാധാനം പറയും. ആര്‍ക്കേലും വന്നു കഴുത്തു അറുക്കാനും, കൊല്ലാനുമൊക്കെയാണോ മക്കളെ പൊന്നെയെന്നും പൊട്ടെയെന്നും പറഞ്ഞു അവര് വളര്‍ത്തുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത് ഇതാദ്യവുമല്ല.
എന്തു കൊണ്ടു ഇത്തരം മാനസിക രോഗികള്‍ നമ്മുടെ സമൂഹത്തില്‍, യാതൊരു ഭയവുമില്ലാതെ മറ്റുള്ളവരുടെ ജീവനെടുക്കാന്‍ ഇറങ്ങി തിരിക്കുന്നു.

ഇത്തരക്കാരെ കയറൂരി വിടുന്ന നിയമസംവിധാനമല്ലേ നമ്മുടെ നാട്ടില്‍ നിലവിലുള്ളത്?. ആര്‍ക്കും ആരെയും കൊല്ലാനുള്ള ലൈസന്‍സ് കൊടുക്കുന്ന വിധമല്ലേ ഇന്നത്തെ കാര്യങ്ങളുടെ പോക്ക്. എന്തു സംരക്ഷണം ആണ് ജനങ്ങളുടെ ജീവനു ഇവിടുള്ളത്? അവിടവിടെയായി പ്രണയപ്പകയില്‍ പൊലിഞ്ഞു വീഴുന്ന ഓരോ ജീവനും വിലയുള്ളതല്ലേ?

ആണായാലും പെണ്ണായാലും ആരും ആര്‍ക്കും അടിമയല്ല, മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ ഇറങ്ങി പോരാനുള്ള സ്വാതന്ത്ര്യം പോലും തെറ്റാണെന്നു ചിന്തിക്കുന്ന ഒരു കൂട്ടം ഉള്ളിടത്തോളം കാലം ഇതേ ഭ്രാന്തുമായി ഓരോന്നുങ്ങള്‍ ഇനിയും അലഞ്ഞുതിരിയും. പ്രണയം നിരസിച്ചു,അക്കാരണത്താല്‍ അവന്‍ പോയി കൊല്ലുന്നു. ഇവന്റെ പ്രണയത്തിനു വേണ്ടിയായിരുന്നല്ലോ ആ പെങ്കൊച്ചു ഈ ഭൂമിയില്‍ ജനിച്ചത്, അവള്‍ക്കു വേറെ സ്വപ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

സത്യത്തില്‍ മാനസിക നില തെറ്റിയ ഇവനൊന്നും ജീവിക്കാന്‍ യാതൊരു യോഗ്യതയുമില്ല, ജനങ്ങളുടെ നികുതിപ്പണത്തില്‍, ജയിലുകളില്‍ തിന്നുകൊഴുക്കാന്‍ ഇവനെയൊക്കെ വിട്ടു കൊടുക്കുന്ന നമ്മുടെ നിയമങ്ങളാണ് മാറേണ്ടത്. ഇനിയും ഒരു ജീവന്‍ കൂടി ഇത്തരത്തില്‍ പൊലിയാന്‍ അനുവദിച്ചു കൂടാ ഇത്തരം പേ പിടിച്ച ജന്മങ്ങള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല.