സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം:അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.രാത്രിയോടെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും.  കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് പിൻവലിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. വീടിന് മുകളിലേക്ക് മരണം വീണ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ അടക്കം ഏഴ് പേരെ കാണാതായി. ആന്ധ്രയില്‍ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി.