‘സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല’; യുവാക്കള്‍ക്ക് ഉപദേശവുമായി ഹൈക്കോടതി

കൊച്ചി: പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാല്‍ത്ഥികളുടെ പ്രതിഷേധം തലസ്ഥാനത്തു തുടരവെ യുവാക്കള്‍ക്ക് ഉപദേശവുമായി ഹൈക്കോടതി. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും ഈ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചെന്നും കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ദേവികുളം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്ബളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തിന്റെ ജി.ഡി.പി താഴേക്കാണ്. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളത്.

എം എസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ അതിന് നമ്മള്‍ തയാറാകില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. ബിരുദമൊക്കെ നേടിയാല്‍ കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (എല്‍.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതേ ഹര്‍ജി പരിഗണിയ്ക്കുന്ന ബഞ്ചിന്റേതാണ് നിരീക്ഷണം. രാവിലെ പി.എസ്.സി ഹര്‍ജി ഉന്നയിച്ചെങ്കിലും പിന്നീട് പരിഗണിയ്ക്കുന്നതിനായി മാറ്റുകയായിരുന്നു.

കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകള്‍ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടികകള്‍ നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി പിഎസ്.സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്.സി യുടെ യശസ്സ് ഇടിച്ചുതാഴ്ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ ഉദ്യോ​ഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച്‌ സമരം നടത്തിയിരുന്നു. പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം. ലാസ്റ്റ് ​ഗ്രേഡ് സര്‍വന്റ്സ്, അധ്യാപകര്‍, വനിതാ കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ റാങ്ക് ഹോള്‍ഡേഴ്സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.