ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹിമാചല്‍ പ്രദേശില്‍ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. പതിമൂന്നു പേരെ ഇതിനകം രക്ഷപ്പെടുത്തി. പല വാഹനങ്ങളും മണ്ണിനടിയില്‍ നിന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നൂര്‍പൂരില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.

മണ്ണിടിച്ചില്‍ ഉണ്ടായ റിക്കാന്‍ പിയോ – ഷിംല ദേശീയ പാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സത്‌ലജ് നദിയില്‍ വരെ അപകടത്തില്‍ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ എത്തിയിട്ടുണ്ട്. നദിക്കരയില്‍ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയില്‍ പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു.

പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ ഒരു അള്‍ട്ടോ കാര്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോയില്‍ നിന്നാണ് എട്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ബൊലേറോ കാറും അപകടത്തില്‍ പെട്ടതായി വിവരം ലഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ദേശീയ പാതയിലെ തടസ്സങ്ങള്‍ നീക്കം ചെയ്‌തെങ്കിലും ഗതാഗതത്തിനായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.