മധ്യവയസ്‌കനെ തേന്‍കെണിയില്‍ പെടുത്തി ലക്ഷങ്ങള്‍ തട്ടി, പിടികൂടാന്‍ എത്തിയ പോലീസിനോട് യുവതി പറഞ്ഞത് കേട്ടാല്‍ ഞെട്ടും

തൃശൂര്‍: ഹണി ട്രാപ്പിലൂടെ പുരുഷന്മാരെ കെണിയില്‍ പെടുത്തി പണം തട്ടുന്നവര്‍ നിരവധിയാണ്. മലയാളി സ്ത്രീകളും ഇതില്‍ ഒട്ടും പിന്നിലല്ല. ഇത്തരത്തില്‍ ഹണി ട്രാപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ ഒടുവില്‍ പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലന്‍ എന്ന 33കാരിയെയാണ് തൃശൂര്‍ പോലീസ് നോയിഡയില്‍ എത്തി അറസ്റ്റ് ചെയ്തത്. തൃശൂരിലെ ഇന്‍ഷുറന്‍സ് ഏജന്റായ മധ്യവയസ്‌കനെ സോഷ്യല്‍ മീഡിയകള്‍ വഴി ധന്യ പരിചയപ്പെടുകയും ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി നഗ്നനാക്കിയ ശേഷം ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകരയുമായിരുന്നു.

താന്‍ തൃശൂര്‍ കലക്ടറേറ്റിലെ കലക്ടര്‍ ട്രെയിനിയെന്നായിരുന്നു ധന്യ പറഞ്ഞിരുന്നത്. വലിയ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നു പറഞ്ഞു മധ്യവയസ്‌കനെ ധന്യ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പല കാര്യങ്ങള്‍ പറഞ്ഞ് ഇയാളെ നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീടു പല പ്രാവശ്യമായി പണം ആവശ്യപ്പെടുകയും ചെയ്തതു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. പല പ്രാവശ്യമായി 1,70,000 രൂപയും അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും മധ്യ വയസ്‌കനില്‍ നിന്നും ധന്യ തട്ടിയെടുത്തു.

ഇന്‍ഷുറന്‍സ് ഏജന്റ് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയതിനെ തുടര്‍ന്നു കേസന്വേഷണം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ശശികുമാര്‍ ഏറ്റെടുത്തു. ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നോയിഡയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അന്വേഷണത്തിനായി ഡല്‍ഹിയിലെത്തിയ പോലീസ് സംഘത്തിനു തുടക്കത്തില്‍ ധന്യയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീടു ചില മലയാളികളുടെ സഹായത്തോടെയാണ് നോയിഡയിലെ ഫ്‌ളാറ്റില്‍നിന്നു പിടികൂടിയത്. സാങ്കേതിക സുരക്ഷാ സൗകര്യങ്ങളും നിരവധി സെക്യൂരിറ്റി ജീവനക്കാരുമുള്ള വലിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു പ്രതി. അറസ്റ്റ് ചെയ്യാന്‍ ഫ്‌ളാറ്റിലെത്തിയ പോലീസിനോട് താന്‍ ഡിഫന്‍സിലാണ് ജോലി ചെയ്യുന്നതെന്നും തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ പ്രതിരോധ മന്ത്രിയുടെ അനുമതി വേണമെന്നും പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും പോലീസുകാര്‍ക്ക് എതിരെ യുവതി മുഴക്കി.