ജലദോഷത്തിനും വൈറല്‍ പനിക്കുമിടയില്‍ കൊറോണയെ എങ്ങനെ തിരിച്ചറിയാം

ലോകമാകെ ഭീതി പടര്‍ത്തുന്ന കൊറോണ വന്നതോടെ ആളുകള്‍ ജാഗ്രതയിലാണ്. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊറോണ പിടിപെട്ടതോടെ ജനങ്ങള്‍ ആകുലതയിലാണ്. ഇതിനോടകം 118 രാജ്യങ്ങളിലാണ് കൊറോണ പടർന്നു പിടിച്ചിരിക്കുന്നത്. അസുഖ ബാധിതരുടെ എണ്ണവും മരണനിരക്കും അമ്പരപ്പിക്കുന്നതാണ്. മൃഗങ്ങളിലുണ്ടാകുന്ന കൊറോണ വൈറസ് രൂപമാറ്റം സംഭവിച്ച് മനുഷ്യന് അപകടകരമായി മാറിയതാണ് കൊവിഡ്-19. ചൈനയിലെ വുഹാനിൽ നിന്നുമാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. പ്രതിരോധ വാക്സിനുകൾ ഇല്ല എന്നതാണ് ഏറ്റവും പ്രയാസകരം. ലക്ഷണങ്ങൾ ചികിൽസിച്ച് ഭേദമാക്കാൻ പറ്റൂ

പനിയും തലവേദനയുമൊക്കെ കൊറോണയുടെ ലക്ഷണങ്ങളായതോടെ ഒന്നു തുമ്മുമ്പോഴേക്ക്, അല്ലെങ്കില്‍ നേരിയ ശ്വാസതടസം വരുമ്പോഴേക്ക് ഇത് കൊറോണയാണോ എന്ന പേടിയാണ് ജനങ്ങള്‍ക്ക്.
കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ എങ്ങനെയാണ് നമ്മുടെ നാട്ടിലെ പനിയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്? കോവിഡിന്റെ ഏറ്റവും പ്രത്യേകമായ ലക്ഷണം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വരണ്ട ചുമയോടൊപ്പം ശ്വാസതടസം കൂടിയുണ്ടെങ്കില്‍ കോവിഡിനുള്ള സാധ്യത വളരെ കൂടുതലാണ്. തുടര്‍ന്ന് കഫക്കെട്ടും ഉണ്ടാവും. ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ തന്നെ കോവിഡ് വൈറസിനും കാണിക്കും. കോവിഡ് അസുഖത്തിന് അഞ്ചു ദിവസം കൊണ്ടു തന്നെ ശ്വാസമെടുക്കാനുളള ബുദ്ധിമുട്ട് വന്ന് ന്യൂമോണിയ ബാധയിലേക്ക് പോവും.

രോഗം വന്നാല്‍ ഒരിക്കലും നാം തന്നെ രോഗത്തെ നിശ്ചയിച്ച് സ്വയം മരുന്നു വാങ്ങിക്കഴിക്കരുത്. അതിനപ്പുറത്തേക്ക് ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തണം. കോവിഡാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ എന്നു ഡോക്ടര്‍ വഴി ഉറപ്പു വരുത്തണം. അല്ലാതെ നാം തന്നെ രോഗം നിര്‍ണയിച്ച് മരുന്നു വാങ്ങിക്കഴിക്കുന്നതിലൂടെ സ്വന്തം കുടുംബത്തെയും നാമുമായി ബന്ധപ്പെടുന്നവരെയും കൂടിയാണ് നാം അപകടത്തില്‍ പെടുത്തുന്നത് എന്ന് തിരിച്ചറിയുക.

കേരളത്തില്‍ സാധാരണ ഗതിയില്‍ രണ്ടുതരം ജലദോഷപ്പനികളാണ് കാണപ്പെടുന്നത്. ഒന്ന് വളരെ പൊതുവായി കാണുന്ന കോമണ്‍ കോള്‍ഡ് എന്നു വിളിക്കുന്ന ഇന്‍ഫ്ലുവന്‍സ വൈറസാണ്. ഫ്ളൂ വൈറസാണ് രണ്ടാമത്തേത്. ഇത് രണ്ടും തന്നെ ഇന്‍ഫ്ലുവന്‍സ വൈറസ് കാറ്റഗറിയിലുള്ളതാണെങ്കിലും ജലദോഷപ്പനി എന്നത് സാധാരണ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചു പോവുകയാണ് പതിവ്. എന്നാല്‍ ഫ്ളൂ എന്നത് ഒരാഴ്ച നമുക്ക് കടുത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. രണ്ടാഴ്ച ക്ഷീണം വരുത്തും. ചെറിയ കുട്ടികളിലോ പ്രായം ചെന്നവരിലോ ആണെങ്കില്‍ ഇത് വലിയ ബുദ്ധിമുട്ടുകള്‍ വരുത്തും. ഇത്തരത്തിലുള്ള ഭൂരിപക്ഷം കേസുകളും കേരളത്തിലെ പ്രത്യേകമായ കാലാവസ്ഥാ മാറ്റം കൊണ്ട് സംഭവിക്കുന്നതാണ്.

കൊറോണയുടെ മറ്റൊരു ലക്ഷണം കിഡ്നി രോഗബാധയാണ്. കിഡ്നി തകരാറിലാകുന്ന അവസ്ഥയില്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാവും. ഇത്തരം കേസുകള്‍ വരുമ്പോഴാണ് മരണം പോലുള്ള അവസ്ഥയിലേക്ക് കോവിഡ് എത്തിക്കുക. നമുക്ക് രോഗപ്രതിരോധ ശേഷിയുണ്ടെങ്കില്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ലോകത്ത് 85 ശതമാനം പേരും കോവിഡില്‍ നിന്ന് മരണപ്പെടാതെ രക്ഷപ്പെടുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ മറ്റു അസുഖങ്ങള്‍ കൂടി ഉള്ള ആളുകള്‍ക്ക് കോവിഡ് പടരുന്നതോടെ അത് അവരുടെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. വൃദ്ധരായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത് മാരകമായേക്കാം.