ബിലീവേഴ്‌സ് ഇസ്‌റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു; അഞ്ച് കോടി കണ്ടെടുത്തു

ബിലീവേഴ്‌സ് ഇസ്‌റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. റെയ്ഡ് തുടരുകയാണ്. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ച വിവരം. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്.

തിരുവല്ലയിലെ ഓഫീസുകളില്‍ വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപയാണ് ഇന്നലെ പിടിച്ചെടുത്തത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ് നടത്തി. സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ തുടങ്ങി ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുടെ ഉടമസ്ഥതയിലുള്ള 40 സ്ഥാപനങ്ങളിലാണ് ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപയും ഫോണും പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ഇടപാടിനെ അടക്കം വിവിധ രേഖകളും കണ്ടെത്തി. സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കുറച്ച് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.