75 രാജ്യത്തേക്ക് ഇന്ത്യ ആയുധം കയറ്റുമതി ചെയ്യുന്നു; അഞ്ച് വര്‍ഷത്തിനിടെ 334 ശതമാനം പ്രതിരോധ കയറ്റുമതി ഉയര്‍ന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ തോതില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യത്തില്‍ നിന്ന് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യത്തിലേക്ക് ഇന്ത്യ വളര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മേയ്ഡ് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ഭാരത് എന്നി പദ്ധികളിലൂടെയാണ് രാജ്യ ഈ വലിയ നേട്ടം കൈവരിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ പ്രതിരോധ കയറ്റുമതി ഇന്ത്യയില്‍ 334 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇത് വഴി 75 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാധനങ്ങള്‍ കയറ്റി അയക്കുന്നു.

വളര്‍ന്ന് വരുന്ന പ്രതിരോധ ആവശ്യങ്ങള്‍ പരിഗണിച്ച് സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തദ്ദേശീയമായ രൂപകല്പന, ഗവേഷണം, പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നി മേഖലകളിലാണ് പ്രധാനമായും സ്വകാര്യ പങ്കാളിത്തം ഉള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വികസനത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്ന പ്രതിരോധ വികസന ഗവേഷണ മേഖലയുടെ വളര്‍ച്ച. മോദിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സായുധ സേനയായ ഇന്ത്യന്‍ പ്രതിരോധ മേഖല വിപ്ലവത്തിന്റെ കൊടുമുടിയിലാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിരോധ കയറ്റുമതി 334 ശതമാനം വര്‍ദ്ധിച്ച് 75 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. 22-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഏകദേശം 1387 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതോടെ പ്രതിരോധ കയറ്റുമതി 21-22 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 12815 കോടി രൂപയിലേക്ക് എത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 54.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പ്രധാനമായും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലേക്കാണ്.

പ്രതിരോധ മേഖലയുടെ വളര്‍ച്ചക്കായി രാജ്യത്ത് രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികളാണ് ഉള്ളത്. ഉത്തരപ്രദേശിലും തമിഴ്‌നാട്ടിലുമാണിത്. തദ്ദേശിയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 2025 ഓടെ 35000 കോടിയുടെ പ്രതിരോധ കയറ്റുമതിയും 1.75 ലക്ഷം കോടിയുടെ പ്രതിരോധ ഉല്‍പ്പാദനവുമാണ് രാജ്യം ലക്ഷ്യമിടുന്നത്.