26/11 രീതി ഭീകരാക്രമണ സാദ്ധ്യത, ജി 20 പ്രതിനിധികളുടെ കശ്മീർ പദ്ധതിയിൽ മാറ്റം വരുത്തി

ഭീകരാക്രമണ സാദ്ധ്യത മുന്നറിയിപ്പ് കണക്കിലെടുത്ത് കശ്മീരിലെ ഗുൽമാർഗിൽ നിശ്ചയിച്ചിരുന്ന ജി20 സമ്മേളനങ്ങളിൽ മാറ്റം വരുത്തി. ഗുൽമാർഗിൽ 26/11ലെ ഭീകരാക്രമണം ആവർത്തിക്കാൻ തീവ്രവാദ സംഘടനകൾ ഗൂഢാലോചന നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ജമ്മു കശ്മീരിലെ സുരക്ഷാ സേന ജി-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് സമ്മേളന യാത്രയിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്തുകയായിരുന്നു.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ഒരു പോഷ് ഹോട്ടലിൽ ജോലി ചെയ്തിരുന്ന തടങ്കലിലായ ഓവർ ഗ്രൗണ്ട് വർക്കറുടെ (ഒഡബ്ല്യൂജി) വെളിപ്പെടുത്തലിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ജി20 വേദിക്ക് ചുറ്റുമുള്ള സുരക്ഷയും ശക്തമാക്കി. അതേസമയം താഴ്വരയിൽ നടക്കുന്ന ജി20 മീറ്റിംഗിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സംശയാസ്പദമായ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കെതിരെ ജാഗ്രത പാലിക്കണണെന്ന് കശ്മീർ പോലീസ് പൊതു നിർദേശം നൽകിയിട്ടുണ്ട്.

സായുധ ഗ്രൂപ്പുകൾക്കും ജമ്മു കശ്മീരിലെ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ വിമത പ്രസ്ഥാനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്ന ലോജിസ്റ്റിക് പിന്തുണ, പണം, അഭയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് തീവ്രവാദികളെ സഹായിക്കുന്നവരാണ് ഓവർ ഗ്രൗണ്ട് വർക്കർമാർ. ജി-20 ന് മുന്നോടിയായുള്ള അടിച്ചമർത്തലിന്റെ ഭാഗമായി ഏപ്രിൽ അവസാന വാരത്തിലാണ് സുരക്ഷാ സേന ഫാറൂഖ് അഹമ്മദ് വാനിയെ അറസ്റ്റ് ചെയ്തിരുന്നത്.

ബാരാമുള്ളയിലെ ഹൈഗാം സോപോറിലെ താമസക്കാരനായ വാനി ഗുൽമാർഗിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിൽ ഡ്രൈവറായി വാനി സേവനമനുഷ്ഠിച്ചിരുന്നു. ഒജിഡബ്ല്യു എന്ന നിലയിൽ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്ന ഇയാൾ അതിർത്തിക്കപ്പുറമുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.

മുംബൈ ആക്രമണസമയത്ത് താജ് ഹോട്ടലിൽ ഭീകരർ വെടിയുതിർക്കുകയും ബന്ദികളാക്കുകയും ചെയ്തതുപോലെ, ഹോട്ടലിൽ കടന്ന് വിദേശ പ്രമുഖർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ വാനി വെളിപ്പെടുത്തിയിട്ടുണ്ട്. കശ്മീരിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഒരേസമയം രണ്ടോ മൂന്നോ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ തയ്യാറെടുക്കുകയാണെന്ന് ഒജിഡബ്ല്യു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.