ലോകായുക്തയുടെ ശവമടക്ക് നടത്തി മുഖ്യമന്ത്രി : കെ. സുധാകരന്‍

തിരുവനന്തപുരം : ലോകായുക്തയുടെ ശവമടക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച പിണറായി വിജയനും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്.

അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നും സുധാകരന്‍ പറഞ്ഞു.

ഹര്‍ജി ലോകായുക്തയുടെ പരിഗണനയില്‍ വരുമോ എന്നതും ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഫുള്‍ബെഞ്ചിനു വിടാനാണ് വിധി. എന്നാല്‍ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019-ല്‍ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍, ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്.

അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ്. ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022-ല്‍ പൂര്‍ത്തിയായ ഹീയറിങ്ങിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.