എംപി സ്ഥാനം ലക്ഷ്യമിട്ട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകി കമൽഹാസൻ

ചെന്നൈ. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണയറിയിച്ച കമൽഹാസൻ ലക്ഷ്യമിടുന്നത് കോൺ​ഗ്രസിന്റെ പിന്തുണയോടെ എംപി സ്ഥാനമെന്ന് റിപ്പോർട്ട്. എന്തുകൊണ്ട് തനിക്കത് ലഭിച്ചുകൂടായെന്ന് ചോദ്യത്തിനു മറുപടിയായി താരം പറയുകയും ചെയ്തു.

കോൺഗ്രസ് സ്ഥാനാർഥി ഇവികെഎസ് ഇളങ്കോവന് കമൽഹാസന്റെ മക്കൾ നീതി മയ്യം ഇന്നലെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത്. വർഗീയ ശക്തികൾക്കെതിരെ ഒരുമിക്കുകയെന്നതു ദേശീയ പ്രാധാന്യമുള്ളതാണ്.

ഇളങ്കോവന്റെ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്ന് കമൽ പറഞ്ഞു. പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ കമൽ ഹാസനും പങ്കുചേർന്നിരുന്നു.