കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സി.പി.എമ്മിന് കുരുക്കുമുറുക്കി ഇ.ഡി, അഞ്ച് രഹസ്യ അക്കൗണ്ടുകള്‍

തൃശ്ശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു. അഞ്ച് അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണ്. പണം ഇടപാടുകളിൽ സിപിഐഎം മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാനാണ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 25 അക്കൗണ്ട് വിവരങ്ങള്‍ സി.പി.എമ്മിന്റെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി. ആരോപിച്ചിട്ടുണ്ട്. ജനുവരി 16-ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച് ഇഡി വിശദീകരിച്ചിരിക്കുന്നത്.

നിയമ വിരുദ്ധമായിട്ടാണ് ഈ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നാണ് ഇ.ഡി യുടെ ആരോപണം. കേരള സഹകരണ സൊസൈറ്റിയുടെ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍, സൊസൈറ്റിയില്‍ അംഗത്വമെടുക്കണം. എന്നാല്‍ സി.പി.എം കരുവന്നൂര്‍ സൊസൈറ്റിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി യുടെ കണ്ടെത്തല്‍.

തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളില്‍ പാര്‍ട്ടിക്കുണ്ടെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടിയുടെ 2023 മാര്‍ച്ചില്‍ സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. കേരളത്തിലെ ബൂത്തുതല കാര്യകർതൃക്കളുമായി നമോ ആപ് വഴിയുള്ള ഓൺലൈൻ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.